ഗുഡ് വിന്‍ സഹോദരങ്ങളെ ഈ മാസം 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മുംബൈ: വിവാദമായ ഗുഡ് വിന്‍ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ ഈ മാസം 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മലയാളി സഹോദരങ്ങളാണ് അറസ്റ്റിലായിരുന്നത്. വ്യവസായ നഗരമായ മുംബൈയില്‍ കോടികളുടെ തട്ടിപ്പാണ് ഇരുവരും നടത്തിയിരുന്നത്. ഇവര്‍ കോടതിയില്‍ കീഴടങ്ങാന്‍ ഇരിക്കുന്നതിന് മുമ്പ് ഇന്നലെ പൊലീസ് പിടികൂടുകയായിരുന്നു.

സ്വര്‍ണക്കടകളുടെ മറവില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് മാസചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്ന പരാതി. ആയിരക്കണക്കിന് ജനങ്ങളാണ് ഇവരുടെ വഞ്ചനയില്‍ ഇരകളായത്. ഒരു ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപവരെ ആളുകള്‍ ഇവരെ വിശ്വസിച്ച് നിക്ഷേപം നടത്തിയിരുന്നു.

പണത്തിന്റെ കാര്യത്തില്‍ നിക്ഷേപര്‍ക്ക് സംശയം തോന്നി ചോദിച്ചപ്പോള്‍ ഈ സഹോദരങ്ങള്‍ ജ്വല്ലറികളിലെ സ്വര്‍ണമെല്ലാം മാറ്റിയതിന് ശേഷം നാട് വിടുകയായിരുന്നു. മുംബൈയ്ക്ക് പിന്നാലെ മറ്റ് സ്ഥലങ്ങളിലുള്ള നിക്ഷേപകരും പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. താനെയില്‍ മാത്രം 25 കോടിയിലധികം തട്ടിപ്പ് നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്.

ഒളിവിലായിരുന്ന സഹോദരങ്ങളെ തിരഞ്ഞ് മുംബൈ പൊലീസ് കേരളത്തിലും എത്തിയിരുന്നു. ഒളിവിലാണെങ്കിലും സ്ഥാപനത്തെ തകര്‍ക്കാന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന വീഡിയോ സന്ദേശം ഇടയ്ക്കിടെ ഇരുവരും പുറത്ത് വിട്ടിരുന്നു.

Top