പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. 44 പന്തില്‍ 60 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (28), രോഹിത് ശര്‍മ (28) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഷദാബ് ഖാന്‍ പാകിസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

മോശം ഫോമിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന ഇരുവരും വായടപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹാരിസ് റൗഫ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. രോഹിത്തിന് ഖുഷ്ദില്ലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ രാഹുലും മടങ്ങി. ഷദാബ് ഖാനായിരുന്നു വിക്കറ്റ്. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലി ഒരു ഭാഗത്ത് ഉറച്ച് നിന്നെങ്കിലും പിന്തുണ നല്‍കാന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല.

സൂര്യുകുമാര്‍ യാദവ് (13), റിഷഭ് പന്ത് (14), ഹാര്‍ദിക് പാണ്ഡ്യ (0) എന്നിവര്‍ നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ ദീപക് ഹൂഡ (16) അല്‍പം ഉത്തരവാദിത്തം കാണിച്ചു. ഇരുവരും വേഗത്തില്‍ റണ്‍റേറ്റ് ഉയര്‍ത്തി. 37 റണ്‍സാണ് കോലി- ഹൂഡ സഖ്യം കൂട്ടിചേര്‍ത്തത്. അവസാന ഓവര്‍ കോലി റണ്ണൗട്ടായി. ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ഭുവനേശ്വര്‍ കുമാര്‍ (0), രവി ബിഷ്‌ണോയിക്കൊപ്പം (8) പുറത്താവാതെ നിന്നു. ഷദാബിന് പുറമെ മുഹമ്മദ് ഹസ്‌നൈന്‍, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Top