ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് മികച്ച സ്‌കോര്‍. സെഞ്ചുറി നേടിയ റിഷഭ് പന്തിന്റെയും (146) രവീന്ദ്ര ജേഡജയുടെയും (104) മികവിൽ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 416 റണ്‍സാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ആദ്യ ദിനം കാളി നിർത്തുമ്പോൾ ഏഴിന് 338 എന്ന നിലയിലായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് നേടി. ഇന്ന് 78 റണ്‍സാണ് ഇന്ത്യന്‍ താരങ്ങള്‍ കൂട്ടിചേര്‍ത്തത്. ജഡേജയുടെ സെഞ്ചുറി തന്നെയായിരുന്നു പ്രധാന സവിശേഷത. അദ്ദേത്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയായിരുന്നത്. 13 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. ജഡേജ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മുഹമ്മദ് ഷമി (16) മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ പുറത്താവുകയായിരുന്നു താരം. അധികം വൈകാതെ ജഡേജയും പവലിയനില്‍ തിരിച്ചെത്തി. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ജയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.

ക്യാപ്റ്റനായി ആദ്യം മത്സരം കളിക്കുന്ന ജസ്പ്രിത് ബുമ്രയുടെ (31)അവസാന സമയത്തെ വെടികെട്ട് ബാറ്റിംഗ് മികവിലാണ് ഇന്ത്യൻ സ്‌കോര്‍ 400 കടത്തിയത്. ബ്രോഡിന്റെ ഒരു ഓവറില്‍ എക്‌സ്ട്രാ ഉള്‍പ്പെടെ 35 റണ്‍സാണ് പിറന്നത്. രണ്ട് സിക്‌സും മൂന്ന് ഫോറുമാണ് ബുമ്ര അടിച്ചെടുത്തത്. അടുത്ത ഓവറില്‍ സിറാജ് പുറത്തായതോടെ ഇന്ത്യയുടെ ഇന്നിംഗ്‌സ് അവസാനിച്ചു.

Top