മൂന്നാം ടി20യില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍; റുതുരാജ് ഗെയ്കവാദിന് സെഞ്ചുറി!

ഗുവാഹത്തി: ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മൂന്നാം ടി20യില്‍ ഓസ്ട്രേലിയക്കെതിരെ മികച്ച സ്‌കോര്‍. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. 57 പന്തില്‍ 123 റണ്‍സ് നേടിയ റുതുരാജിന് പുറമെ സൂര്യകുമാര്‍ യാദവ് (39), തിലക് വര്‍മ () എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒരു മാറ്റവുമായിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. മുകേഷ് കുമാറിന് പകരം ആവേഷ് ഖാന്‍ ടീമിലെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.

യശസ്വി ജയ്സ്വാള്‍ (6), ഇഷാന്‍ കിഷന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. രണ്ടാം ഓവറിലാണ് ജയ്സ്വാള്‍ മടങ്ങുന്നത്. ബെഹ്രന്‍ഡോര്‍ഫിനെ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്ഡിന് ക്യാച്ച്. അടുത്ത ഓവറില്‍ കിഷനും മടങ്ങി. റിച്ചാര്‍ഡ്സണെ ഓഫ്സൈഡില്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ മാര്‍കസ് സ്റ്റോയിനിസ് ക്യാച്ച് നല്‍കുകയായിരുന്നു താരം.

സൂര്യയെ ആരോണ്‍ ഹാര്‍ഡി, വെയ്ഡിന്റെ കൈകളിലെത്തിച്ചു. റുതുരാജിനൊപ്പം 57 റണ്‍സ് സൂര്യ കൂട്ടിചേര്‍ത്തിരുന്നു. പിന്നാലെ തിലക് – റുതുരാജ് സഖ്യം 139 റണ്‍സ് കൂട്ടിചേര്‍ത്തു. 57 പന്തുകള്‍ മാത്രം നേരിട്ട റുതുരാജ് ഏഴ് സിക്സും 13 ഫോറും നേടി. നാല് ബൗണ്ടറികള്‍ അടുങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്.

ഇന്ത്യന്‍ ടീം: യഷസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, തിലക് വര്‍മ, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ.

ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, നതാന്‍ എല്ലിസ്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍.

Top