‘സഖ്യകക്ഷികളുമായും എതിരാളികളുമായും നല്ല ബന്ധം; ലാലുവിന്റെ പ്രസ്താവനയോട് നിതിഷ്

നിതീഷ് കുമാറിന് വേണ്ടി വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുന്നു എന്ന രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലാലു പ്രസ്താവനയോട് പ്രതികരിച്ച് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. സഖ്യകക്ഷികളുമായും എതിരാളികളുമായും നല്ല ബന്ധം പുലർത്തുന്നുണ്ടെന്നായിരുന്നു ലാലു പ്രസാദിൻ്റെ നിലപാടിനോടുള്ള നിതിഷ് കുമാറിൻ്റെ പ്രതികരണം. വ്യാഴാഴ്ച നിയമസഭാ വളപ്പിനുള്ളിൽ നിതിഷ് കുമാർ ലാലു പ്രസാദ് യാദവുമായിഹസ്തദാനം ചെയ്യുകയും കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്നു. ‘സഖ്യകക്ഷികളുമായും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുമായും ഞാൻ നല്ല ബന്ധം പുലർത്തുന്നു. അവരെ കാണുമ്പോഴെല്ലാം ഞാൻ അവരുമായി ഹസ്തദാനം ചെയ്യുകയും ചെയ്യുന്നെന്ന് മാത്രം’, എന്നായിരുന്നു നിതിഷ് കുമാറിൻ്റെ പ്രതികരണം.

‘ആരു എന്ത് പറയുമെന്ന് ചിന്തിക്കുന്നില്ല. കാര്യങ്ങൾ ശരിയായില്ല, അതിനാൽ ഞാൻ അവരെ ഉപേക്ഷിച്ചു’ എന്നായിരുന്നു ആർജെഡിയുമായി സഖ്യം പിരിഞ്ഞതിനെക്കുറിച്ചുള്ള നിതിഷിൻ്റെ പ്രതികരണം. മഹാസഖ്യ മന്ത്രിസഭയിൽ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിൻ്റെയും ആർജെഡി മന്ത്രിമാരായ ലളിത് യാദവിൻ്റെയും രാമാനന്ദ് യാദവിൻ്റെയും വകുപ്പുകളിൽ എടുത്ത എല്ലാ തീരുമാനങ്ങളും അവലോകനം ചെയ്യാൻ സ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനോടും നിതിഷ് കുമാർ പ്രതികരിച്ചു. ‘അക്രമങ്ങൾ നടന്നിട്ടുണ്ട്. ഞങ്ങൾ അത് വെച്ചുപൊറുപ്പിക്കില്ല, കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. സംസ്ഥാനത്തിൻ്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കായി വികസന പ്രവർത്തനങ്ങൾ തുടരു’മെന്നായിരുന്നു നിതിഷ് കുമാറിൻ്റെ പ്രതികരണം.

ആരോഗ്യം, റോഡ് നിർമാണം, നഗരവികസനം, ഭവന, ഗ്രാമമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ മഹാസഖ്യ സർക്കാരിൻ്റെ കാലത്ത് എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് സെക്രട്ടേറിയറ്റ് വകുപ്പ് ഫെബ്രുവരി 16ന് കത്ത് നൽകിയിരുന്നു. തേജസ്വി യാദവായിരുന്നു ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്. മഹാസഖ്യ സർക്കാരിലെ ആർജെഡി മന്ത്രിമാരായിരുന്ന ലളിത് യാദവും രാമാനന്ദ് യാദവും എടുത്ത തീരുമാനങ്ങൾ അവലോകനം ചെയ്യാൻ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെൻ്റിലെയും മൈൻസ് ആൻഡ് ജിയോളജി വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

‘കാര്യങ്ങൾ സുഗമമായി നടക്കുന്നു’ എന്നായിരുന്നു മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിതിഷ് നൽകിയ മറുപടി. വിവിധ സാമൂദായിക പരിഗണനകൾക്കൊപ്പം സ്ത്രീകളെയും പരിഗണിച്ച് നിതിഷ് മന്ത്രിസഭയുടെ വിപുലീകരണം രണ്ടുമൂന്ന് ദിവസത്തിനകം നടക്കുമെന്ന് എൻഡിഎ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. ബിജെപി നേതാക്കളായ ഷാനവാസ് ഹുസൈൻ, നിതിൻ നബിൻ, രാംപ്രീത് പാസ്വാൻ, ജനക് റാം, ശ്രേയാഷി സിംഗ്, ജെഡിയു നേതാക്കളായ സുനിൽകുമാർ സിംഗ്, മദൻ സാഹ്നി, ലെസി സിംഗ്, ഷീലാ മണ്ഡല്, ജയന്ത് രാജ്, അശോക് എന്നിവർ നിതിഷ് മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ട്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യം 400ൽ അധികം സീറ്റുകൾ നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവചനത്തോട് യോജിക്കുന്നതായും നിതിഷ് കുമാർ പറഞ്ഞു. ഇൻഡ്യ സഖ്യത്തിന് പേര് നൽകിയത് താനല്ലെന്നും നിതിഷ് വ്യക്തമാക്കി. ‘പേര് അവർ സ്വയം തീരുമാനിച്ചു, ഇപ്പോൾ, അവരുമായി എനിക്ക് ഒരു ബന്ധവുമില്ല, ഞാൻ എൻഡിഎയിൽ തിരിച്ചെത്തി. ഇപ്പോൾ, അവർ പറയുന്നതിനെക്കുറിച്ച് എനിക്ക് വിഷമമില്ല’, എന്നായിരുന്നു നിതിഷിൻ്റെ പ്രതികരണം.
Top