ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകൾക്ക് ആശ്വാസ വാർത്ത; ആശുപത്രികളിലും ഇനി പണരഹിത ചികിത്സ

 ഇൻഷുറൻസ് പോളിസി ഉടമകൾക്ക് ആശ്വാസകരമാകും വിധത്തിൽ പുതിയ നടപടിയുമായി ജനറൽ ഇൻഷുറൻസ് കൗൺസിൽ. ക്യാഷ്‌ലെസ് എവരിവേർ സംവിധാനമാണ് ജിഐസി ആരംഭിച്ചിരിക്കുന്നത്.റീഇംബേഴ്‌സ്‌മെന്റ് ഉൾപ്പെടെയുള്ളവയ്‌ക്ക് ഇനി ഉപയോക്താക്കൾ കാത്തിരിക്കേണ്ടതില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. കൂടാതെ ചികിത്സയ്‌ക്ക് വേണ്ടി ഏത് ആശുപത്രിയും തിരഞ്ഞെടുക്കാവുന്നതാണ്.

ഇൻഷുറൻസ് കമ്പനി ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രികളിലും ഈ സേവനം ലഭ്യമാകുമെന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത ജനറൽ ഇൻഷുറർമാരുടെ പ്രതിനിധി സംഘടനയാണ് ജിഐസി. ഇൻഷുറർമാരുടെ ആശുപത്രി ശൃംഖല പരിഗണിക്കാതെ പോളിസി ഉടമകൾക്ക് അവർക്ക് ആവശ്യമുള്ള ആശുപത്രി ചികിത്സയ്‌ക്ക് വേണ്ടി തിരഞ്ഞെടുക്കാനാവും എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.

എല്ലാ ജനറൽ-ഹെൽത്ത് ഇൻഷുറൻസ് കമ്പനികളുമായും സംയുക്തമായി എടുത്ത തീരുമാനമാണിതെന്ന് ജിഐസി വ്യക്തമാക്കി. ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ അവരുമായി ബന്ധമുള്ള ആശുപത്രി ശൃംഖലയിലേക്ക് മാത്രമാണ് പണരഹിത സൗകര്യം മുമ്പ് നൽകിയിരുന്നത്. ക്യാഷ്‌ലെസ് സൗകര്യം ലഭ്യമാകുന്നതിനായി പോളിസി ഹോൾഡർമാർ 48 മണിക്കൂർ മുമ്പെങ്കിലും നടപടിക്രമങ്ങളും എമർജൻസി ഹോസ്പിറ്റലൈസേഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇൻഷുറൻസ് കമ്പനിയെ അറിയിച്ചിരിക്കണം.

Top