ഗൊണ്‍സാലോ ഹിഗ്വെയിന്‍ എ സി മിലാനിലേക്ക് മാറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

യുവന്റസ് താരമായ ഗൊണ്‍സാലോ ഹിഗ്വെയിന്‍ എ സി മിലാനിലേക്ക് മാറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഹിഗ്വെയിന്റെ സഹോദരനും ഏജന്റുമായ നിക്കോളാസിനൊപ്പം മിലാനിലെത്തി ക്ലബ്ബ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസില്‍ എത്തിയതോടെയാണ് ഹിഗ്വെയിന്‍ ക്ലബ് വിടാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

യുവന്റസിനായി 73 മത്സരങ്ങളില്‍ ഹിഗ്വെയിന്‍ 40 ഗോള്‍ നേടിയിട്ടുണ്ട്. ചെല്‍സിയും ഹിഗ്വെയിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

റൊണാള്‍ഡോയുടെ വരവോടെ അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് മികച്ച പ്രതീക്ഷയാണുള്ളത്. ഓഗസ്റ്റ് 18ന് നടക്കുന്ന യുവന്റസിന്റെ ആദ്യ സീരി എ മത്സരത്തില്‍ റോണോ ടീമിനായി അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്.

മൂന്ന് ആഴ്ചത്തെ വിശ്രമത്തിന് ശേഷം കഴിഞ്ഞദിവസമാണ് യുവന്റസ് ടീമിനൊപ്പം പരിശീലനത്തിനിറങ്ങാനായി ക്രിസ്റ്റ്യാനോ ടൂറിനില്‍ എത്തിയത്.

Top