ഗോമതിയെ ആശുപത്രിയിലേയ്ക്ക് മാറ്റി; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: വാളയാര്‍ സമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന പെമ്പിള ഒരുമൈ നേതാവ് ഗോമതിയെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നത് ചെറുത്ത പെണ്‍കുട്ടികളുടെ അമ്മ അറസ്റ്റില്‍. പെണ്‍കുട്ടികളുടെ അമ്മയും അച്ഛനുമടക്കം പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. സമരത്തിന് പിന്തുണയുമായെ്തതിയ മുന്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജലജ മാധവനും അറസ്റ്റ് ചെയ്യപ്പെട്ടു.

പൊലീസ് ഗോമതിയെ മര്‍ദ്ദിച്ച്, വലിച്ചിഴച്ച് ആണ് കൊണ്ടു പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗോമതിയ്ക്ക് പകരം മറ്റൊരാള്‍ ഇവിടെ നിരാഹാരമിരിക്കുമെന്നാണ് സമരസമിതി അംഗങ്ങള്‍ നല്‍കുന്ന വിശദീകരണം.

നിരവധി പ്രമുഖര്‍ ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഡിവൈഎസ്പി സോജനെയും എസ്‌ഐ ചാക്കോയ്ക്കും എതിരെ നടപടിയെടുത്തില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെണ്‍കുട്ടികളുടെ അമ്മ രാവിലെ പറഞ്ഞിരുന്നു.

ഉച്ചയോടെ നിരാഹാരമിരുന്ന ഗോമതിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌റ്റേഷന്‍ ജാമ്യം നേടിയ ശേഷം ഇവര്‍ വീണ്ടും നിരാഹാരമിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top