സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി പി.ജെ. ജോസഫ്

തൊടുപുഴ: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാണെന്ന് വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് -എം നേതാവ് പി.ജെ. ജോസഫ്. സ്വര്‍ണക്കടത്തിലെ ഇടപാടുകള്‍ ദുരൂഹമാണെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം, സ്വര്‍ണക്കടത്തിനെ സോളാര്‍ കേസുമായി താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കൊള്ളയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അഴിമതിയെന്ന അഗ്നിപര്‍വതത്തിന് മുകളിലാണ് നില്‍ക്കുന്നത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. അതുകൊണ്ടാണ് ശിവശങ്കര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിനു വേണ്ടി മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. അന്താരാഷ്ട്ര കള്ളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top