ബ്രിട്ടനില്‍ 70 വയസ്സിന് മുകളിലുള്ളവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കും

ലണ്ടന്‍: കൊറോണ വൈറസ് ബാധ മുന്‍കരുതലിന്റെ ഭാഗമായി ബ്രിട്ടനില്‍ 70 വയസ്സിന് മുകളിലുള്ളവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ തീരുമാനം. യൂറോപ്യന്‍ രാജ്യങ്ങളിലെ മാളുകള്‍, തിയറ്ററുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചുപൂട്ടുകയും ചെയ്തു. അവശ്യ സാധനങ്ങള്‍ക്കായി മാത്രമാണ് ജനം പുറത്തിറങ്ങുന്നത്.

ആസ്ട്രിയയില്‍ അഞ്ച് പേരിലധികം കൂട്ടം കൂടുന്നത് നിരോധിച്ചു. രാജ്യത്തെ സ്‌കൂളുകളും ഷോപ്പുകളും അടച്ചു. സ്‌പെയിനില്‍ അത്യാവശ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റൊമാനിയയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചെക് റിപ്പബ്ലിക് രാജ്യത്തെ മൊത്തം ക്വറന്റൈനായി പ്രഖ്യാപിക്കുകയും അതിര്‍ത്തികള്‍ അടക്കുകയും ചെയ്തു.

സ്ലൊവാക്യയും അതിര്‍ത്തികള്‍ അടച്ചിട്ടു. കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ എല്ലാ സ്ഥാപനങ്ങളും ഷോപ്പുകളും അടച്ചിട്ടിരിക്കുകയാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഫ്രാന്‍സില്‍ സ്‌കൂളുകള്‍, കഫേകള്‍, റസ്റ്ററന്റുകള്‍, സിനിമ തിയറ്ററുകള്‍, നൈറ്റ് ക്ലബുകള്‍ തുടങ്ങിയവ അടച്ചിട്ടു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജര്‍മനിയിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്. ബ്രിട്ടനില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. 2021 മേയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചത്.

Top