ഗുജറാത്തിലെ ചരിത്രവിജയം ആഘോഷിക്കാന്‍ മോദിയുടെ സ്വര്‍ണ പ്രതിമ; 19.5 പവന്‍

സൂറത്ത്: ഗുജറാത്തിലെ ചരിത്രവിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണപ്രതിമ നിർമ്മിച്ച് സൂറത്തിലെ ജ്വല്ലറി. 156 ഗ്രാം തൂക്കം വരുന്നതാണ് സ്വർണ പ്രതിമ. സൂറത്തിലെ രാധികാ ചെയിൻസ് ജ്വല്ലറിയാണ് 11 ലക്ഷം രൂപ മുടക്കി 18 കാരറ്റ് സ്വർണത്തിന്റെ അർധകായ പ്രതിമ നിർമിച്ചത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് ശേഷമാണ് താൻ പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് പ്രതിമ നിർമ്മിച്ച സന്ദീപ് ജെയിൻ പറഞ്ഞു പ്രധാനമന്ത്രിയോടുള്ള സ്‌നേഹം കൊണ്ടാണ് താൻ പ്രതിമ സൃഷ്ടിച്ചതെന്നും മോദിയും ആരാധകരും ഇത് അഭിനന്ദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 182 സീറ്റിൽ 156 സീറ്റ് നേടിയാണ് ബിജെപി വിജയിച്ചത്. 20 പേർ 3 മാസം പണിയെടുത്താണ് പ്രതിമ പൂർത്തിയാക്കിയതെന്നു ജ്വല്ലറി ഉടമയായ രാജസ്ഥാൻ സ്വദേശി ബസന്ത് ബോറ പറഞ്ഞു. മുൻപ് യുഎസിലെ സ്വാതന്ത്ര്യപ്രതിമയുടെ മാതൃകയും ഇദ്ദേഹം സ്വർണത്തിൽ നിർമിച്ചിട്ടുണ്ട്.

Top