റെക്കോര്‍ഡ് നേട്ടം; യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ആറാം തവണയും മെസ്സിക്ക്

ബാഴ്സലോണ:യൂറോപ്യന്‍ ലീഗുകളിലെ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. ഇത് ആറാം തവണയാണ് മെസ്സി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മെസ്സി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ കരസ്ഥമാക്കുന്നത്.

2018-19 ലാലിഗ സീസണില്‍ മെസ്സി 36 ഗോളുകള്‍ നേടിയിരുന്നു. യൂറോപ്പിലെ ഗോള്‍വേട്ടയില്‍ പി.എസ്.ജിയുടെ കിലിയന്‍ എംബാപ്പെയെ മറികടന്നാണ് മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. ചടങ്ങില്‍ കുടുംബത്തോടൊപ്പമാണ് മെസി പങ്കെടുത്തത്. മക്കളായ തിയോഗോയും മറ്റിയോയും ചേര്‍ന്നാണ് മെസിക്ക് പുരസ്‌കാരം സമ്മാനിച്ചത്.

ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം നേടുന്ന താരമെന്ന നേട്ടം കഴിഞ്ഞ തവണ തന്നെ മെസ്സി കരസ്ഥമാക്കിയിരുന്നു. നാലു തവണ ഈ പുരസ്‌കാരം നേടിയ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. ക്രിസ്റ്റിയാനോ നാല് തവണ ഗോള്‍ഡന്‍ ബൂട്ട് ജേതാവായിട്ടുണ്ട്.

Top