പസഫിക് സമുദ്രത്തില്‍ അകപ്പെട്ട ബ്രിട്ടീഷ് വനിത; സുസി ഗുഡാളിന് രക്ഷയായത് ചൈനീസ് കപ്പല്‍

ന്യൂസിലാന്റ്: സമുദ്രത്തില്‍ അകപ്പെട്ട ബ്രിട്ടീഷ് വനിത സുസീ ഗുഡാളിന് രക്ഷയായത് ചൈനീസ് കപ്പല്‍. ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ്‌വഞ്ചി മത്സരത്തിനിടെ ചിലെയ്ക്കു സമീപം കേപ് ഹോണ്‍ മുനമ്പില്‍ വച്ചായിരുന്നു സുസീയുടെ വഞ്ചി അപകടത്തില്‍പ്പെട്ടത്. വ്യഴാഴ്ച പുലര്‍ച്ചെ ഉണ്ടായ കാറ്റിലും വന്‍ തിരകളിലും വഞ്ചി അപകടത്തില്‍ പെടുകയായിരുന്നു. കടല്‍ക്ഷോഭത്തിന് പേരുകേട്ട ‘റോറിംഗ് ഫോര്‍ട്ടീസ്’ എന്നു നാവികര്‍ വിശേഷിപ്പിക്കുന്ന ഭാഗത്തുവച്ചാണ് അപകടമുണ്ടായത്.

വഞ്ചിക്ക് നങ്കൂരമിടാന്‍ കഴിഞ്ഞതും തിരമാലയില്‍ ഒഴുകിപ്പോവാതിരുന്നതും സുസിയെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എളുപ്പം കണ്ടെത്താന്‍ സഹായകമായി. അടിയന്തര സംവിധാനമായ ഡീസല്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് സൂസി തീരത്തെത്താന്‍ ശ്രമിച്ചെങ്കിലും 20 മിനിറ്റിനു ശേഷം എന്‍ജിന്‍ ഓഫാവുകയായിരുന്നു. ഇതിനിടെ, സംഘാടകര്‍ സുസീയുമായി സാറ്റലൈറ്റ് ഫോണില്‍ ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തന നീക്കം ആരംഭിച്ചിരുന്നു.

ചിലെ മാരിടൈം റസ്‌ക്യു സര്‍വീസസിന്റെ നിര്‍ദേശ പ്രകാരം സമീപ മേഖലയിലുണ്ടായിരുന്ന തിയാന്‍ ഫു കപ്പലിന്റെ വഴി തിരിച്ചുവിട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് സൂസി ബോധരഹിതയായിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിലെ ഏക വനിതയും പ്രായം കുറഞ്ഞ മത്സരാര്‍ഥിയുമാണ് സുസീ. ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ്‌വഞ്ചി മത്സരത്തിനിടെ മലയാളിയായ സമുദ്ര സഞ്ചാരി കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും സമാനമായ അപകടം നേരിട്ടിരുന്നു.

Top