ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പുതിയ ഉടമകള്‍ക്ക് വിറ്റു; ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ് പിരിച്ചുവിടാന്‍ തീരുമാനം

ന്യൂയോര്‍ക്ക്: ലോകത്തിലെ പ്രശസ്തമായ എന്‍റര്‍ടെയ്മെന്‍റ് അവാര്‍ഡുകളില്‍ ഒന്നായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര നടത്തിപ്പ് പുതിയ ഉടമയ്ക്ക് വിറ്റു. തിങ്കളാഴ്ചയാണ് വില്‍പ്പന നടന്നത്. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന് വോട്ട് ചെയ്യുന്ന ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ് വൈവിദ്ധ്യമില്ലാത്തിന്‍റെയും അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും വിവാദത്തിലായതിന് പിന്നാലെയാണ് ഈ മാറ്റം. ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ് (HFPA) പിരിച്ചുവിടാനും തീരുമാനം വന്നുവെന്നാണ് വിവരം.

വിദേശ പ്രസിദ്ധീകരണങ്ങളില്‍ അടക്കം എഴുതുന്ന എന്‍റര്‍ടെയ്മെന്‍റ് ജേര്‍ണലിസ്റ്റുകളുടെ സംഘമാണ് ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ്. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര നിര്‍ണ്ണയം ഈ ഗ്രൂപ്പാണ് നടത്തുന്നത്. 2021-ൽ ലോസ് ഏഞ്ചൽസ് ടൈംസ് നടത്തിയ അന്വേഷണത്തിൽ എച്ച്എഫ്പിഎയില്‍ ഒറ്റ ബ്ലാക്ക് മാധ്യമ പ്രവര്‍ത്തകനും ഇല്ലെന്ന് കണ്ടെത്തി. ചില അംഗങ്ങൾ ലിംഗവിവേചനപരവും വംശീയവുമായ പരാമർശങ്ങൾ നടത്തുകയും സെലിബ്രിറ്റികളിൽ നിന്നും സിനിമാ സ്റ്റുഡിയോകളിൽ നിന്നും അവാര്‍ഡിനായി ആനുകൂല്യങ്ങൾ വാങ്ങുന്നതായും കണ്ടെത്തിയിരുന്നു.

എൽഡ്രിഡ്ജ് ഇൻഡസ്ട്രീസാണ് ഡിക്ക് ക്ലാർക്ക് പ്രൊഡക്ഷൻസുമായി (ഡിസിപി) ചേര്‍ന്ന് ഗോൾഡൻ ഗ്ലോബ് സ്വത്തുക്കള്‍ ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്. അവാർഡുകൾ സംപ്രേഷണം ചെയ്യുന്നത് തുടരുമെന്നും ലോകമെമ്പാടുമുള്ള ഗ്ലോബിന്റെ കാഴ്ചക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഒരു പത്രക്കുറിപ്പിൽ ഇവര്‍ പറയുന്നു. ഡിസിപി എൽഡ്രിഡ്ജിന്റെയും പെൻസ്കെ മീഡിയയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയാണ്.

എൽഡ്രിഡ്ജ് ഇൻഡസ്ട്രീസ് ചെയർമാൻ ടോഡ് ബോഹ്‌ലി ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ് ഉടന്‍ പുതിയ രീതിയില്‍ അവതരിപ്പിക്കും എന്നാണ് അറിയിച്ചത്. ഗോള്‍ഡന്‍ ഗ്ലോബ് ഏറ്റെടുക്കല്‍ ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പിന്‍റെ സാധുത താല്‍ക്കാലികമായി ഇല്ലാതാക്കിയെന്നാണ് പത്രകുറിപ്പ് പറയുന്നത്. എച്ച്എഫ്പിഎ പിരിച്ചുവിടുന്നതിന് സമയപരിധി നൽകിയിട്ടില്ല. ടോഡ് ബോഹ്‌ലി മുമ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ കീഴിൽ ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കിയേക്കും.

Top