ദുബായ് ഡ്രൈവിങ് ലൈസൻസ് ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം; ‘ഗോൾഡൻ ചാൻസ്’ പദ്ധതി വീണ്ടും

ദുബായ : ദുബായ് ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കിയുള്ള ‘ഗോൾഡൻ ചാൻസ്’ പദ്ധതി ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചു. ഇന്ത്യയിലെ അടക്കം 40 വിദേശ രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ദുബായ് വാഹനമോടിക്കാനുള്ള അനുമതി ലഭിക്കാൻ ‘ഗോൾഡൻ ചാൻസ്’ എന്ന പേരിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) പുതിയ ഡയറക്ട് ടെസ്റ്റ് പദ്ധതിയാണിത്. ഇടയ്ക്ക് നിർത്തലാക്കിയിരുന്ന പദ്ധതിയാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള മലയാളികളടക്കം ഒട്ടേറെ പേർക്ക് ദുബായ് ഡ്രൈവിങ് ലൈസൻസ് നേടാനുള്ള സുവർണാവസരമാണിത്. താത്പര്യമുള്ളവർക്ക് https://www.rta.ae/wps/portal/rta/ae/home/rta-services/service-details?serviceId=3704306 എന്ന ലിങ്കിൽ ചെന്ന് റജിസ്റ്റർ ചെയ്യാം. ആദ്യ ഘട്ടത്തിൽ മലയാളികളടക്കം ഒട്ടേറെ പേർക്ക് ഗോൾഡൻ ചാൻസ് വഴി ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി ബെൽഹാസ ഡ്രൈവിങ് സെന്ററിലെ സീനിയർ ഇൻസ്ട്രക്ടർ തൃശൂർ സ്വദേശി ജലാൽ പറഞ്ഞു. ഫോൺ:+971 52 490 0022.

2,150 ദിർഹം അടച്ചാൽ ഗോൾഡൻ ചാൻസിലൂടെ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള ഫയൽ ഓപൺ ചെയ്യാം. തുടർന്ന് തിയറി ടെസ്റ്റ് പാസായാൽ നേരിട്ട് റോഡ് ടെസ്റ്റിന് വിധേയമാകാവുന്നതാണ് എന്നതാണ് പ്രത്യേകത. ആവശ്യമുള്ളവർക്ക് രണ്ടോ മൂന്നോ പരിശീലന ക്ലാസുകളിൽ പങ്കെടുത്തിന് ശേഷം റോഡ് ടെസ്റ്റിന് പോകാം. ഫയൽ ഓപനിങ് ഫീസ് കൂടാതെ, തിയറി ടെസ്റ്റ്, നേത്ര പരിശോധന, റോഡ് ടെസ്റ്റ്, ലൈസൻസ് ഫീസ് എന്നിവയ്ക്ക് അടക്കമുള്ളതാണ് 2,150 ദിർഹം. സ്വന്തം രാജ്യത്ത് നിന്ന് ഡ്രൈവിങ് ലൈസൻസ് നേടി പിറ്റേ ദിവസം തന്നെ യുഎഇയിലേയ്ക്ക് വിമാനം കയറുന്നവർക്കും എമിറേറ്റ്സ് ഐഡി സ്വന്തമാക്കിയ ശേഷം ഗോൾഡൻ ചാൻസിന് അപേക്ഷിക്കാവുന്നതാണ്.

യുഎഇ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നേടുന്നതിനുള്ള നേരിട്ടുള്ള ടെസ്റ്റിന് അപേക്ഷിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് കൈവശമുള്ളവർക്ക് ആർടിഎയുടെ ഗോൾഡൻ ചാൻസ് പദ്ധതി അനുവദിക്കുന്നതായി അധികൃതർ പറഞ്ഞു. ഈ പദ്ധതിക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ വൈകാതെ തിയറി ടെസ്റ്റിനുള്ള കോൾ വരും. അതു കഴിഞ്ഞാലുടൻ റോ‍ഡ് ടെസ്റ്റ്.

ഗോൾഡൻ ചാൻസ് റോഡ് ടെസ്റ്റിൽ പരാജയപ്പെടുകയാണെങ്കിൽ സാധാരണ പോലെ ഡ്രൈവിങ് ക്ലാസിൽ ചേർന്ന് പഠിക്കേണ്ടി വരും. എന്നാൽ ഇതിന് പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല. ഗോൾഡൻ ചാൻസ് ടെസ്റ്റിന് ഫയൽ ഓപൺ ചെയ്ത സ്ഥാപനത്തിലല്ലാതെ മറ്റൊരിടത്താണ് പഠിക്കാനുദ്ദേശിക്കുന്നതെങ്കിലും പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല.

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ അതേ എമിറേറ്റുകളിലെ സ്കൂളുകളിലാണ് ചേരേണ്ടത്. അപേക്ഷകന്റെ കമ്പനി റജിസ്റ്റർ ചെയ്ത എമിറേറ്റിലെ ഇൻസ്റ്റിറ്റ്യൂട്ടിലും ചേരാവുന്നതാണ്. ഇതിനായി ആർടിഎ അംഗീകാരമുള്ള ഒട്ടേറെ പരിശീലന സ്ഥാപനങ്ങൾ യുഎഇയിലുണ്ട്. വിവിധ സ്ഥാപനങ്ങളിൽ ഡ്രൈവിങ് പരീശീലന ഫീസ് വ്യത്യസ്തമാണ്. പല സ്ഥാപനങ്ങളും ഇടയ്ക്കിടെ ഫീസിളവ് പ്രഖ്യാപിക്കാറുമുണ്ട്.

എങ്കിലും, സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ഒരാൾക്ക് ദുബായിൽ ഡ്രൈവിങ് പരിശീലനത്തിനുള്ള ഫയൽ ഓപൺ ചെയ്യാൻ ചുരുങ്ങിയത് 5,000 ദിർഹം ഫീസ് നൽകേണ്ടി വരും. ഫയൽ ഓപനിങ് ഫീസ് കൂടാതെ, തിയറി ടെസ്റ്റ്, ഐ ടെസ്റ്റ്, റോഡ് അസസ്മെന്റ് ടെസ്റ്റ്, ആർടിഎ റോഡ് ടെസ്റ്റ്, പാർക്കിങ് അസസ്മെന്റ് ടെസ്റ്റ്, ആർടിഎ പാർക്കിങ് ടെസ്റ്റ്, ലൈസൻസ് ഫീസുകൾ എന്നിവയടക്കമാണ് ഈ തുക. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു ക്ലാസിന് 60 ദിർഹം വീതം 40 ക്ലാസുകളാണ് ലഭിക്കുക. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടാൽ വീണ്ടും 8 ക്ലാസുകളിലെങ്കിലും ഇരിക്കണം. ഇതിനും ഒരു ക്ലാസിന് 60 ദിർഹമാണ് നിരക്ക്. അതേസമയം, ഇന്ത്യയിലേതടക്കമുള്ള വിദേശ രാജ്യങ്ങളിലെ 5 വർഷം പഴക്കമുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ആദ്യം 20 ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും.

ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ദുബായിൽ ഡ്രൈവ് ചെയ്യാൻ കഴിയുമോ എന്നത് യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ഇല്ല എന്നതാണ് ഏറ്റവും ലളിതമായ ഉത്തരം.

ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ദുബായിലെന്നല്ല, യുഎഇയിൽ എവിടെയും വാഹനമോടിക്കാൻ കഴിയില്ല. അതേസമയം, ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ അതുപയോഗിച്ച് ദുബായിൽ ഡ്രൈവ് ചെയ്യാവുന്നതാണ്. ടൂറിസ്റ്റ് വീസക്കാർക്ക് മാത്രമേ ഈ നിയമം ബാധകമാകൂ. ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസിനായി ഇന്ത്യയിൽ നിന്ന് അപേക്ഷിക്കാൻ അവസരമുണ്ട്. എന്നാൽ, യുഎഇയിലെ താമസ വീസയുള്ളവർക്ക് ഈ നിയമം ബാധകവുമല്ല. ഇവിടെ നിന്ന് അപേക്ഷിച്ച് ഡ്രൈവിങ് ലൈസൻസ് നേടിയാലേ അത് സാധ്യമാകൂ.

എമിറേറ്റ്സ് പോസ്റ്റ് ഓഫീസിലോ, ഏതെങ്കിലും ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിലോ ചെന്ന് ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാം. യുഎഇ ഡ്രൈവിങ് ലൈസൻസ്, എമിറേറ്റ് ഐഡി കോപ്പി, ഒരു പാസ്പോർട്ട് സൈസ് പടം എന്നിവ നൽകി ഫോം പൂരിപ്പിച്ച് പ്രൊസസിങ് ഫീസ് 220 ദിർഹം അടച്ചാൽ മിനിറ്റുകൾക്കുള്ളിൽ ലൈസൻസ് കൈയിൽ തരും. ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇന്ത്യയിലും വാഹനമോടിക്കാം. ഇതിനായി ആർടി ഓഫീസിൽ ചെന്ന് ഫോം പൂരിപ്പിച്ച്, ഒറിജിനൽ യുഎഇ ഡ്രൈവിങ് ലൈസൻസ് കാണിച്ച് 2-3 ദിവസത്തിനുള്ളിൽ ടെസ്റ്റ് കൂടാതെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് നേടാനാകും. ഈ അനുമതി ഹ്രസ്വകാലത്തേയ്ക്ക് ആയിരിക്കും. ടൂറിസ്റ്റ് വീസയിലും മറ്റ് ചെറിയ കാലയളവിലെ ബിസിനസ് സന്ദർശനങ്ങളിലും വരുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ സംവിധാനം

ഗോൾഡൻ ചാൻസ് ഡ്രൈവിങ് ലൈസൻസ് പദ്ധതി യുഎഇയിൽ മികച്ച തൊഴിൽ ജീവിതം ആഗ്രഹിക്കുന്നവർക്ക് ലഭിച്ച അനുഗ്രഹമാണെന്നും അതുകൊണ്ട് ഇത്തരത്തിൽ ഡ്രൈവിങ് ലൈസൻസ് നേടാനാഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് ചേർന്നാൽ നല്ലതാണെന്നും ഈ മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള ദുബായ് ബെൽഹാസ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻസ്ട്രക്ടർ ജലാൽ തൃശൂർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

യുഎഇ ഡ്രൈവിങ് ലൈസൻസ് നേടുക എന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിച്ചത് പോലെയാണെന്ന് പറയാറുണ്ട്. പരിശീലന കാലത്ത് മികച്ച രീതിയിൽ വാഹനമോടിക്കുന്നവരും അവസാന ടെസ്റ്റിൽ പരാജയപ്പെട്ടു പോകാറുണ്ട്. ഓരോ പ്രാവശ്യം പരാജയപ്പെടുമ്പോഴും വീണ്ടും പരിശീലനം നടത്തിയാലേ റോഡ് ടെസ്റ്റ് ലഭിക്കുകയുള്ളൂ. ആത്മവിശ്വാസമില്ലായ്മ തന്നെയാണ് പരാജയപ്പെടുന്നവരുടെ മിക്കവരുടെയും കാര്യത്തിൽ പ്രധാന വില്ലൻ.

തനിക്ക് ഓടിക്കാൻ പറ്റും എന്ന് ഉറച്ച് വിശ്വസിച്ച് വളയം പിടിച്ചാൽ ഡ്രൈവിങ് ലൈസൻസ് ആദ്യ ടെസ്റ്റിൽ തന്നെ സ്വന്തമാക്കാമെന്നും ജലാൽ പറയുന്നു. യുഎഇയിൽ മികച്ച ജോലി കണ്ടെത്താൻ പലപ്പോഴും ഡ്രൈവിങ് ലൈസൻസ് അനിവാര്യ ഘടകമാണ്. ലൈസന്‍സുള്ളവർക്ക് ആർടിഎയുടെ പൊതുഗതാഗത മേഖലയിലടക്കം അവസരങ്ങൾവന്നുചേരുന്നു. പല കമ്പനികളും ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന നൽകാറുമുണ്ട്. ഒരു എമിറേറ്റിലെ ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ എവിടെയും വാഹനമോടിക്കാം.

Top