ഓണം കൂടാൻ ‘ഗോൾഡ്’ എത്തില്ല; ക്ഷമ ചോദിച്ച് അൽഫോൺസ് പുത്രൻ

പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘​ഗോൾഡ്’ ഓണത്തിന് തിയേറ്ററുകളിൽ എത്തില്ല. ചിത്രത്തിന്റെ റിലീസിൽ മാറ്റമുള്ളതായി അൽഫോൺസ് പുത്രൻ അറിയിച്ചു. ഓണം കഴിഞ്ഞാകും ചിത്രം റിലീസ് ചെയ്യുക എന്നും കാലതാമസം നേരിടുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും അൽഫോൺസ് ഫേസ്ബുക്കിൽ കുറിച്ചു. “ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ “ഗോൾഡ്” ഓണം കഴിഞ്ഞ് റിലീസ് ചെയ്യും. ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”- അൽഫോൺസ് സോഷ്യൽമീഡിയയിൽ കുറിച്ചു.

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗോൾഡ്. ലൗ ആക്ഷൻ ​ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയൻതാര മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ​ഗോൾഡിനുണ്ട്. റിലീസ് തീയതി പുറത്തുവിട്ടിരുന്നില്ലെങ്കിലും ഓണം റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ജോഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണ്. സുമം​ഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായി നയൻതാര എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

Top