സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് വി മുരളീധരന്‍

muraleedharan

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് ദേശീയ തലത്തില്‍ ഉന്നയിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് മുരളീധരന്‍ ഉന്നയിച്ചത്. കേസിലെ പ്രതികളുടെ ഉന്നത ബന്ധം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറില്‍ ഒതുങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേസില്‍ മുഖ്യമന്ത്രി ഓരോ തവണയും നിലപാട് മാറ്റി പറയുന്നുവെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. മുഴുവന്‍ സംഭവങ്ങളുടെയും ധാര്‍മിക ഉത്തരവാദിത്വം ഏറ്റടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി അന്വേഷണം പുരോഗമിക്കുമ്പോള്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പറയുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏത് ഏജന്‍സി എന്ന് വ്യക്തമാക്കിയിരുന്നില്ല. അന്വേഷണം ആവശ്യപ്പെട്ടവര്‍ തന്നെ, സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മാസത്തിനിടയില്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള രണ്ട് ശ്രമങ്ങളുണ്ടായതായി. സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം തെളിവ് നശിപ്പിക്കാനാണെന്നും മുഖ്യമന്ത്രിയുടെ വീട്ടിലെയും സെക്രട്ടറിയേറ്റിലേയും സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന് പറയുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല മാത്രമേ ഉണ്ടാകൂ. സര്‍ക്കാരില്‍ മറ്റൊരു വകുപ്പിന്റെ ചുമതല ഉണ്ടാകില്ല എന്നതാണ് പൊതു രീതി. എന്നാലിവിടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇലക്ടോണിക് ആന്റ് ഐടി വകുപ്പിന്റെ ചുമതല കൂടിയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചില ബന്ധുക്കള്‍ ഐടി മേഖലയിലുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top