സംസ്ഥാനത്ത് ഈന്തപ്പഴത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തുന്നു; ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഈന്തപ്പത്തിന്റെ മറവില്‍ നടന്നത് വന്‍ സ്വര്‍ണക്കടത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 17000 കിലോ ഈന്തപ്പഴം കോണ്‍സുലേറ്റ് വഴി കേരളത്തിലേക്ക് എത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
ഇത്രയും ഈന്തപ്പഴം എന്തിനാണ് കോണ്‍സുലേറ്റിനെന്നും അദ്ദേഹം ചോദിച്ചു. കോണ്‍സുലേറ്റിലെ അംഗങ്ങള്‍ പത്ത് വര്‍ഷം തിന്നാലും ഇത്രയും ഈന്തപ്പഴം തീരില്ല. ഇത് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ അറിയാതെ ഇത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണസംഘം രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഇപ്പോള്‍ ഭരണകക്ഷിയുടെ ആരോപണം. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ക്ഷണിച്ചുവരുത്തിയത് ആരാണ്. കോടിയേരിയുടെ മകനെ ഇഡി ചോദ്യം ചെയ്തു. ഇപ്പോള്‍ മന്ത്രി പുത്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ രാഷ്ട്രീയ േ്രപരിതമാണെന്ന് പറയുന്നു.

ജയരാജന്റെയും കോടിയേരിയുടെയും ജലീലിന്റെയും നെഞ്ചിടിപ്പാണ് ഇപ്പോള്‍ വര്‍ധിക്കുന്നത്. സ്വപ്ന സുരേഷുമായി മകന് എന്തു ബന്ധമാണുളളതെന്നും എന്തിനാണ് ഭാര്യ ക്വാറന്റീന്‍ ലംഘിച്ച് ബാങ്കില്‍ പോയതെന്നും ജയരാജന്‍ വ്യക്തമാക്കണം.

സര്‍ക്കാര്‍ ലൈഫ് മിഷന്‍ എംഒയു മൂന്ന് മാസമായിട്ടും നല്‍കിയില്ല. ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ലെങ്കില്‍ എന്തിനാണ് എംഒയു മറച്ചു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top