സ്വര്‍ണം പിടിച്ച ദിവസം സ്വപ്ന തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്നുവെന്ന് വിവരം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് കസ്റ്റംസ്. ഗൂഡാലോചന നടന്ന ദിവസം സ്വപ്ന സ്റ്റാച്ചുവിലെ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണം പിടിച്ച ദിവസവും സ്വപ്ന ഈ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നു.

രാവിലെ 9 മുതല്‍ 11.30 വരെയാണ് സ്വപ്ന ഈ ടവര്‍ ലൊക്കേഷനില്‍ ചെലവഴിച്ചത്. ജൂലൈ 1, 2 തിയതികളില്‍ സരിത്തും സന്ദീപും ഇതേ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നതായി കസ്റ്റംസ് പറയുന്നു.

അതേസമയം എട്ടു കോടി രൂപ സ്വര്‍ണക്കടത്തിനായി സമാഹരിച്ചതായാണു വിവരം. ജ്വല്ലറികള്‍ക്കു വില്‍ക്കാനാണു ദുബായിയില്‍നിന്നു സംഘം സ്വര്‍ണം എത്തിച്ചത്. റമീസ്, ജലാല്‍, ഹംജത് അലി, സന്ദീപ് നായര്‍ എന്നിവരാണു പണം സമാഹരിച്ചത്. നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്തുന്നതു കഴിഞ്ഞ ദിവസം പിടിയിലായ മൂവാറ്റുപുഴ സ്വദേശി ജലാലാണ്.

കടത്തിക്കൊണ്ടുവന്ന സ്വര്‍ണത്തിന്റെ വില്‍പനമൂല്യം 14.8 കോടിയാണ്. ഇതു കണക്കിലെടുത്താണു വന്‍തോതില്‍ പണശേഖരണം നടന്നത്. സ്വര്‍ണക്കടത്തിലൂടെ സ്വപ്നയ്ക്കും സരിത്തിനും ഏഴു ലക്ഷം രൂപ കമ്മീഷനായി ലഭിച്ചെന്നും സൂചനകളുണ്ട്.

Top