സ്വര്‍ണക്കടത്ത്: അസാധാരണ കേസെങ്കില്‍ മാത്രമെ വിചാരണ മറ്റുസംസ്ഥാനത്തേക്ക് മാറ്റൂ; വിശദവാദം കേള്‍ക്കും

സ്വർണ്ണ കടത്ത് കേസിന്റെ വിചാരണ ബംഗ്ലൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിൽ വിശദമായ വാദം കേൾക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

വിശദമായി വാദം കേട്ട ശേഷം മാത്രമേ തീരുമാനം എടുക്കാനാകൂവെന്നും ഇതിനായുളള തീയതി പിന്നീട് അറിയിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുളള കേസ് ആയതിനാൽ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കോടതി ചൂണ്ടിക്കാട്ടി. കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് നൽകും. വിചാരണ കോടതിയിലെ നടപടികൾ പരിശോധിച്ച ശേഷം തീയതി അറിയിക്കും. അസാധാരണമായ കേസ് ആണെങ്കില്‍ മാത്രമേ വിചാരണ മാറ്റാന്‍ അനുവദിക്കൂ. ഇഡി അപേക്ഷയിൽ വിചാരണ മാറ്റിയാല്‍ സമാനമായ ഹര്‍ജികൾ നിരവധി ഉണ്ടാകാൻ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

കേസിന്റെ വിചാരണ കേരളത്തിൽ നടന്നാൽ അട്ടിമറിക്കപ്പെടുമെന്നാണ് ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചത്. അസാധാരണ കേസ് ആണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ഇ ഡി കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് വിശദവാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

Top