സ്വര്‍ണക്കടത്ത്; പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് എന്‍ഐഎ

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന ആവശ്യവുമായി എന്‍ഐഎ. ഇത് സംബന്ധിച്ച് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. സന്ദീപ് ഉള്‍പ്പെടെ മറ്റു മൂന്ന് പ്രതികള്‍ കൂടി കുറ്റസമ്മതം നടത്തിയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. മുസ്തഫ, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ എന്നീ പ്രതികളാണ് കേസില്‍ പുതുതായി കുറ്റസമ്മതം നടത്തിയിട്ടുള്ളത്.

യുഎപിഎ പ്രകാരം പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസം വരെ നീട്ടാന്‍ സാധിക്കും. ഇത് പ്രകാരമാണ് എന്‍ഐഎയുടെ ആവശ്യം. 90 ദിവസം കഴിഞ്ഞാല്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കോടതിയില്‍ എന്‍ഐഎ അപേക്ഷ നല്‍കിയിട്ടുള്ളത്.

ഫൈസല്‍ ഫരീദടക്കമുള്ള പ്രധാനപ്പെട്ട രണ്ടു പ്രതികള്‍ യുഎഇ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ ഇങ്ങോട്ടേക്കെത്തിക്കേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ എന്‍.ഐ.എ ചൂണ്ടിക്കാട്ടി.

Top