സ്വര്‍ണക്കടത്ത്; ടെലഗ്രാം ഗ്രൂപ്പിന്റെ പേര് സിപിഎം കമ്മിറ്റി, സരിത്തിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിന്റെ മൊഴി പുറത്ത്. കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാമില്‍ ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മിറ്റി എന്ന് പേര് നല്‍കിയെന്നും സരിത് എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞു. സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് പറയുന്നു.

അതേസമയം, സ്വപ്ന സുരേഷ് 1,90,000 രൂപ മൂല്യം വരുന്ന അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ കസ്റ്റംസ് ഇന്ന് കൂടുതല്‍ തെളിവുകള്‍ കോടതിയ്ക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷ്, സരിത് എന്നിവരെ പ്രതികളാക്കി കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവില്‍ കൊഫെപോസ പ്രകാരം കരുതല്‍ തടങ്കലിലുള്ള സ്വപ്നയെയും സരിത്തിനെയും ജയിലിലെത്തി അറസ്റ്റ് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍ പ്രതികള്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ആക്‌സിസ് ബാങ്കിന്റെ കരമന ശാഖയിലെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴി അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് അന്വേഷണം.

Top