സ്വര്‍ണക്കടത്ത് ; സ്വപ്നയെയും സന്ദീപിനെയും ആലുവയിലെ ആശുപത്രിയില്‍ എത്തിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ഒപ്പം കൊവിഡ് ടെസ്റ്റും നടത്താനാണ് സാധ്യത. ഇതിന് ശേഷം പ്രതികളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. പ്രത്യേക ജഡ്ജി ഇവിടെയെത്തും. മൂന്നരയ്ക്കും നാലിനും ഇടയിലായിരിക്കും പ്രതികളെ ഹാജരാക്കുക. ജില്ലാ ആശുപത്രിക്ക് മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.

ഞായറാഴ്ച രാവിലെ 11.15-ഓടെയാണ് പ്രതികളുമായി എന്‍.ഐ.എ. വാഹനവ്യൂഹം വാളയാര്‍ അതിര്‍ത്തി കടന്നത്. ഇതിനിടെ എന്‍.ഐ.എ. വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പാലക്കാട് കഴിഞ്ഞപ്പോഴാണ് സ്വപ്ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായത്. പിന്നീട് മറ്റൊരു വാഹനത്തിലേക്കു സ്വപ്നയെ മാറ്റിയാണ് യാത്ര തുടര്‍ന്നത്. ബംഗളുരുവില്‍നിന്ന് എവിടെയും നിര്‍ത്താതെയാണു പ്രതികളുമായി സംഘം കേരളത്തിലേക്കു യാത്ര ചെയ്തത്.

സന്ദീപ് നായരുമായി വന്നിരുന്ന വാഹനത്തിലേക്കാണ് സ്വപ്നയെ മാറ്റിയത്. എന്നാല്‍ അല്‍പദൂരം പിന്നിട്ടതിന് ശേഷം ഈ വാഹനം വീണ്ടും ദേശീയപാതയില്‍ നിര്‍ത്തിയിട്ടു. യാത്രയിലെ ആശയക്കുഴപ്പം പരിഹരിച്ചശേഷമാണ് പിന്നീട് യാത്ര തുടര്‍ന്നത്. മുഖംമറച്ചാണ് സ്വപ്ന വാഹനത്തിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഇവരോട് പ്രതികരണം തേടിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. വളരെ വേഗത്തിലാണ് സ്വപ്നയെ ഉദ്യോഗസ്ഥര്‍ പുതിയ വാഹനത്തിലേക്ക് മാറ്റി യാത്ര തുടര്‍ന്നത്.

കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിര്‍ത്തി മുതല്‍ കേരള പോലീസിന്റെ അകമ്പടിയുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സ്വപ്ന കേരളത്തില്‍ നിന്ന് ഹോട്ട് സ്പോട്ടായ ബെംഗളൂരുവിലേക്ക് സഞ്ചരിച്ചതിനാല്‍ ഇവരെ ക്വാറന്റീന്‍ ചെയ്യണ്ടേി വരും

സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായത് ഇതുവരെ നടന്നതില്‍ പ്രധാനപ്പെട്ട നീക്കമായി കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് റമീസ്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചു.

Top