സ്വര്‍ണക്കള്ളക്കടത്ത്; കേന്ദ്രത്തിനും എന്‍ഐഎക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് നടത്തിയതിന് യു.എ.പി.എ. നിയമപ്രകാരം ഭീകരപ്രവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിനും എന്‍.ഐ.എയ്ക്കുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് അസ്ലാം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, ബി.ആര്‍. ഗവായ് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നോട്ടീസ് അയച്ചത്. അസ്ലാമിനെയും പത്തു പേരെയും സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയതിന് 2020 ജൂലൈയില്‍ ജയ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വും അഖണ്ഡതയും തകര്‍ക്കുന്നതിനാണ് സ്വര്‍ണക്കടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.ഐ.എ അസ്ളാം ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ യു.എ.പി.എ. നിയമത്തിന്റെ 16-ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 120 – ബി വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട തനിക്ക്, സ്വര്‍ണ്ണം കടത്തിയാല്‍ 10,000 രൂപ തരാമെന്ന് ലാല്‍ മുഹമ്മദ് എന്ന വ്യക്തി വാഗ്ദാനം ചെയ്തിരുന്നതായി അസ്ലാം അവകാശപ്പെടുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാലാണ് സ്വര്‍ണം കടത്തിയത്. യു.എ.പി.എ. നിയമത്തിന്റെ 15(1)(iii F ) വകുപ്പ് പ്രകാരം ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ സ്വര്‍ണക്കടത്ത് എന്ന് രേഖപ്പെടുത്തിയിട്ടില്ല.

 

 

Top