സ്വര്‍ണക്കടത്ത്; മുഖ്യകണ്ണികളുടെ പട്ടിക സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്‍ഐഎയ്ക്ക് കൈമാറി

കൊച്ചി: സ്വപ്‌ന സുരേഷും സന്ദീപ് നായരും മുഖ്യആസൂത്രകരായ സ്വര്‍ണ്ണക്കടത്ത് കേസില്‍ കണ്ണികകളുടെ പട്ടിക സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്‍ഐഎയ്ക്ക് നല്‍കി. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ച വിവരങ്ങളാണ് കൈമാറിയത്. മുന്നൂറിലധികം പേരാണ് പട്ടികയിലുള്ളത്. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സമഗ്രമായ അന്വേഷണത്തിനാണ് എന്‍ഐഎ ഒരുങ്ങുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഉന്നതരുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. സ്വര്‍ണ്ണം എത്തിക്കാന്‍ പണം മുടക്കിയ ആളെ കസ്റ്റംസ് തിരിച്ചറിഞ്ഞു.

ജൂണില്‍ രണ്ട് തവണ സ്വര്‍ണ്ണം കൊണ്ടുവന്നെങ്കിലും മൂന്നാമത്തെ തവണയാണ് പിടിയിലായത്. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് , നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരുടെ കസ്റ്റഡി അപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.

ആലുവ ജനറല്‍ ആശുപത്രിയിലെ പരിശോധനയില്‍ ഇരുവര്‍ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കള്ളക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. റമീസിനെ ഇന്നലെ തന്നെ കൊച്ചിയിലെത്തിച്ച് സരിത്തിനൊപ്പം ചോദ്യം ചെയ്തിരുന്നു. റമീസ് സന്ദിപുമായും സരിത്തുമായും അടുത്തബന്ധം പുലര്‍ത്തുന്ന ഇടനിലക്കാരനാണ്.

Top