കുരുക്ക് മുറുകുന്നു; ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി. വ്യക്തിപരമായ കാര്യങ്ങളില്‍ പോലും ശിവശങ്കര്‍ ഇടപെട്ടിരുന്നു. സ്വപ്ന ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനത്തിലും സ്വര്‍ണം കടത്തിയെന്നും സരിത്ത് എന്‍ഐഎയ്ക്ക് മൊഴി നല്‍കി.

പ്രതി ഫൈസല്‍ ഫരീദിനൊപ്പം കരാമയില്‍ ജോലി ചെയ്തിരുന്നു. സ്വര്‍ണം എത്തിച്ചത് ജ്വല്ലറികള്‍ക്ക് നല്‍കാനാണെന്നും ഈ സ്വര്‍ണം വിറ്റിരുന്നത് ജലാല്‍ വഴിയാണെന്നും സരിത്ത് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എം ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തേക്കും.

സരിത്തും ശിവശങ്കറും തമ്മില്‍ ഫോണ്‍ വഴി നിരവധി തവണ ബന്ധപ്പെട്ടതായി നേരത്തെ പുറത്ത് വന്ന ഫോണ്‍ രേഖകളിലൂടെ വ്യക്തമായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ഫോണ്‍ ബന്ധം, പ്രതികള്‍ക്ക് വേണ്ടി ഹെദര്‍ അപ്പാര്‍ട്ട്മെന്റ്സില്‍ ഫ്ളാറ്റ് ബുക്ക് ചെയ്യാന്‍ ഇടപെട്ടു, സ്വപ്ന സുരേഷിന്റെ സ്പേസ് പാര്‍ക്കിലെ മാനേജര്‍ തസ്തികയിലെ നിയമന ശുപാര്‍ശ തുടങ്ങിയ ആരോപണങ്ങളാണ് നിലവില്‍ ശിവശങ്കറിനെതിരെ നിലനില്‍ക്കുന്നത്.

Top