സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ആഡംബര കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ആഡംബര കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കരകുളത്തെ വാടകവീട്ടില്‍ നിന്നുമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കാര്‍ കൊച്ചിയിലെത്തിച്ചു.

2019 ഓഗസ്റ്റില്‍ മലപ്പുറം സ്വദേശി ഉസ്മാന്‍ കാരാടന്‍ എന്നയാളില്‍ നിന്നുമാണ് സന്ദീപ് കാര്‍ വാങ്ങിയത്. കാര്‍ വില്‍ക്കാന്‍ ഒഎല്‍എക്സില്‍ പരസ്യം നല്‍കിയിരുന്നു. ഇത് കണ്ടാണ് സന്ദീപ് വിളിച്ചത്.

അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി. ഉത്തരവ് ഇന്റര്‍പോളിന് കൈമാറും.

സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സന്ദീപിന്റെ ബാഗ് തുറന്ന് പരിശോധിക്കാനും എന്‍ഐഎ അപേക്ഷ നല്‍കി. കോടതി വാറണ്ട് പുറപ്പെടുവിക്കുന്നതോടെ ഇന്റര്‍പോള്‍ പ്രതിക്കായി ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് പ്രതിയുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറും. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യുഎഇ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.

ജൂലൈ അഞ്ചിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഡിപ്ലോമാറ്റ് ബാഗേജില്‍ നിന്നും 14.82 കോടി രൂപ വിലമതിക്കുന്ന 24 കാരറ്റ് 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. ദുബൈയില്‍ നിന്നും സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദ് ആണെന്ന് എന്‍ഐഎ കണ്ടെത്തിയത്.

Top