സ്വര്‍ണക്കടത്തിലേക്ക് എത്തുന്നത് പ്രകാശ് തമ്പി വഴിയാണെന്ന് സുനില്‍ കുമാര്‍

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി സുനില്‍ കുമാറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ബാലഭാസ്‌ക്കറിനെ പരിചയമുണ്ടെന്നും സ്വര്‍ണക്കടത്തിലേക്ക് എത്തുന്നത് പ്രകാശ് തമ്പി വഴിയാണെന്നും തനിക്ക് അതുമായി ബന്ധമുണ്ടായിരുന്നില്ലെന്നും സുനില്‍കുമാര്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി. ഡിആര്‍ഐക്ക് നല്‍കിയ അതേ മൊഴിയാണ് സുനില്‍ കുമാര്‍ ക്രൈംബ്രാഞ്ചിനും നല്‍കിയിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വര്‍ണക്കടത്തു കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ ബന്ധുവാണ് സുനില്‍കുമാര്‍. സ്വര്‍ണക്കടത്ത് കേസും ബാലഭാസ്‌ക്കറിന്റെ അപകടമരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സുനില്‍കുമാറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

അതേസമയം വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം കൊച്ചി ഡിആര്‍ഐ ഓഫീസില്‍ കീഴടങ്ങി. ഡിആര്‍ഐ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും. വിഷ്ണുവിനോട് ഇന്ന് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാലഭാസ്‌ക്കറിന്റെ മുന്‍ കോര്‍ഡിനേറ്ററും സുഹൃത്തുമായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെ വിഷ്ണു ഒളിവിലായിരുന്നു. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഡിആര്‍ഐയും ക്രൈംബ്രാഞ്ചും ഊര്‍ജിതമാക്കിയിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

Top