പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. ഇയാള്‍ ബാലഭാസ്‌കറിന്റെ മാനേജര്‍ ആയിരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നാണ് ലക്ഷ്മിയുടെ പ്രതികരണം. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെ സത്യം അന്വേഷണത്തിലൂടെ പുറത്തുവരട്ടേയെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

അതേസമയം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ സംഘം അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണിയുടെ മൊഴിയെടുക്കും. ബാലഭാസ്‌ക്കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന സംശയം കെ.സി ഉണ്ണി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മാനേജറെക്കുറിച്ച് കെ.സി ഉണ്ണിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് മൊഴിയെടുക്കുന്നത്.

അതേസമയം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുന്നത് വൈകും. ക്രൈംബ്രാഞ്ചിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ പ്രകാശ് തമ്പിയെ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡിആര്‍ഐ റജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രകാശ് ജയിലില്‍ കഴിയുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടി പ്രതികളായ കേസില്‍ സിബിഐയും ഇടപെട്ടിട്ടുണ്ട്. സിബിഐ പ്രകാശിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുന്നത്.

Top