സ്വര്‍ണ്ണക്കടത്ത് കേസ് ; മുഖ്യപ്രതികളെ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിച്ചു. ഇവിടെ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും കോടതിയിലേക്ക് എത്തിക്കുന്നത്. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് സ്വപ്നയെയും സന്ദീപിനെയും ഓഫീസിലേക്ക് എത്തിച്ചത്. എന്‍ഐഎ ഓഫീസിന്റെ മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടക്കുകയാണ്.

ഞായറാഴ്ച രാവിലെ 11.15-ഓടെയാണ് പ്രതികളുമായി എന്‍.ഐ.എ. വാഹനവ്യൂഹം വാളയാര്‍ അതിര്‍ത്തി കടന്നത്. ഇതിനിടെ എന്‍.ഐ.എ. വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പാലക്കാട് കഴിഞ്ഞപ്പോഴാണ് സ്വപ്ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായത്. പിന്നീട് മറ്റൊരു വാഹനത്തിലേക്കു സ്വപ്നയെ മാറ്റിയാണ് യാത്ര തുടര്‍ന്നത്. ബംഗളുരുവില്‍നിന്ന് എവിടെയും നിര്‍ത്താതെയാണു പ്രതികളുമായി സംഘം കേരളത്തിലേക്കു യാത്ര ചെയ്തത്.

സന്ദീപ് നായരുമായി വന്നിരുന്ന വാഹനത്തിലേക്കാണ് സ്വപ്നയെ മാറ്റിയത്. എന്നാല്‍ അല്‍പദൂരം പിന്നിട്ടതിന് ശേഷം ഈ വാഹനം വീണ്ടും ദേശീയപാതയില്‍ നിര്‍ത്തിയിട്ടു. യാത്രയിലെ ആശയക്കുഴപ്പം പരിഹരിച്ചശേഷമാണ് പിന്നീട് യാത്ര തുടര്‍ന്നത്. മുഖംമറച്ചാണ് സ്വപ്ന വാഹനത്തിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഇവരോട് പ്രതികരണം തേടിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. വളരെ വേഗത്തിലാണ് സ്വപ്നയെ ഉദ്യോഗസ്ഥര്‍ പുതിയ വാഹനത്തിലേക്ക് മാറ്റി യാത്ര തുടര്‍ന്നത്.

കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിര്‍ത്തി മുതല്‍ കേരള പോലീസിന്റെ അകമ്പടിയുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സ്വപ്ന കേരളത്തില്‍ നിന്ന് ഹോട്ട് സ്‌പോട്ടായ ബെംഗളൂരുവിലേക്ക് സഞ്ചരിച്ചതിനാല്‍ ഇവരെ ക്വാറന്റീന്‍ ചെയ്യണ്ടേി വരും.

Top