സ്വര്‍ണ്ണക്കടത്ത്; എന്‍ഐഎ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിലെത്തി

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് മുഖ്യ ആസൂത്രകയായ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിലെത്തി. എന്‍ഐഎ എഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മീഷണറുടെ ഓഫീസിലെത്തിയത്. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള പിഎസ് സരിത്തിനെയും റമീസിനെയും ഇന്ന് ഉച്ചയോടെ പിടിയിലായ ആളെയും ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.

കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ സരിത് അന്വേഷണ സംഘത്തിന് നല്‍കി. സ്വര്‍ണ്ണം ആരാണ് അയക്കുന്നത്, ആര്‍ക്കാണ് നല്‍കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി അറിയുന്നത് സ്വപ്നയ്ക്കാണെന്നാണ് മൊഴി.ചേച്ചിയെന്നും മാഡമെന്നുമാണ് സരിത്, സ്വപ്നയെ സംബോധന ചെയ്തത്.

ഇടപാടുകാരനായ റമീസിനെ കുറിച്ച് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും സരിത് അന്വേഷണ സംഘത്തോട് പറഞ്ഞു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കോടതി റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ അടുത്ത ദിവസം പ്രതികളെ വീണ്ടും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. തിരുവല്ലത്തുള്ള സരിത്തിന്റെ വീട്ടില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്ന് പരിശോധന നടത്തി. പ്രാഥമിക വിവര ശേഖരണമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്.

Top