സ്വപ്‌നയുടെ ജാമ്യം; സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ സുപ്രിംകോടതിയിലേക്ക്

കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ സുപ്രിംകോടതിയിലേക്ക്. സ്വപ്ന, സരിത് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാനാണ് എന്‍ഐഎ തീരുമാനം. കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ ആവശ്യപ്പെടും.

നയതന്ത്ര സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ കേസിന്റെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്ന ഗൗരവതരമായ പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തിനൊപ്പം, പ്രതികളെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവും പ്രഥമ ദൃഷ്ട്യാ കാണാനാകുന്നില്ലെന്നും കോടതി വിലയിരുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസില്‍ അപ്പീല്‍ നല്‍കാന്‍ എന്‍ഐഎ തീരുമാനിച്ചത്.

സ്വപ്ന, സരിത് അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ ഏജന്‍സി ആവശ്യപ്പെടും. നേരത്തെ ചില പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരായ എന്‍ഐഎ അപ്പീല്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. ഇതിനൊപ്പം പുതിയ അപ്പീല്‍ കൂടി പരിഗണിക്കാനാകും ആവശ്യപ്പെടുക.

അതേസമയം ഇന്നലെ ജാമ്യം കിട്ടിയെങ്കിലും സ്വപ്ന സുരേഷിന്റെ മോചനം വൈകുമെന്നാണ് വിവരം. ജാമ്യനടപടികള്‍ വൈകുന്നതാണ് പുറത്തിറങ്ങുന്നത് വൈകാന്‍ കാരണം.

Top