വിമാനത്താവളത്തില്‍ സ്വര്‍ണമെത്തിച്ചത് ഭക്ഷ്യവസ്തുക്കളെന്ന പേരില്‍

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണമെത്തിച്ചത് ഭക്ഷ്യവസ്തുക്കളെന്ന പേരിലാണെന്ന് കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്തേക്ക് ബാഗേജ് അയച്ചത് യു.എ.ഇയില്‍ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോര്‍ നടത്തുന്ന ഫാസില്‍ എന്നയാളാണെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. കാര്‍ഗോ ബുക്ക് ചെയ്തത് ഫാസിലും ക്ലിയറന്‍സിനുള്ള പണം നല്‍കിയത് സരിത്തുമാണ്. കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ നിര്‍ദേശപ്രകാരമാണ് ഫാസില്‍ കാര്‍ഗോ ബുക്ക് ചെയ്ത് ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാഗേജില്‍ സ്വര്‍ണം വെച്ചത് ഫാസില്‍ തന്നെയാണോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അതിനാല്‍ തന്നെ വിശദമായ അന്വേഷണം ആവശ്യമാണെന്നും കസ്റ്റംസ് പറഞ്ഞു. സരിത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സാധനങ്ങള്‍ അയച്ചത് സംബന്ധിച്ചും അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 15 കോടി രൂപയോളം വിലമതിക്കുന്ന 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.

കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപറേഷന്‍സ് മാനേജറുമായിരുന്ന സ്വപ്ന സുരേഷാണ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകയെന്നാണ് കേസില്‍ പിടിയിലായ സരിത്തിന്റെ മൊഴി. സ്വപ്ന സുരേഷ് ഒളിവിലാണ്. സ്വപ്‌നയ്ക്കായുളള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്.

Top