സ്വര്‍ണക്കടത്തിന്റെ പ്രധാന കേന്ദ്രം കൊടുവള്ളി ; പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍

കോഴിക്കോട്: കേരളത്തിലെ സ്വര്‍ണക്കടത്തിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നും കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രം കൊടുവള്ളിയാണെന്നും പോലീസ്. അഞ്ചു വര്‍ഷത്തിനിടെ നടന്ന സ്വര്‍ണ കടത്തുകള്‍ സംബന്ധിച്ചു രഹസ്യാനേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാണു പോലീസ് റിപ്പോര്‍ട്ട്.

വിവിധ വിമാനത്താവളത്തിലൂടെയുള്ള കടത്തിന്റെ മുഖ്യ കേന്ദ്രം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ്. പകുതിയിലേറെ കേസിന്റെയും കണ്ണികള്‍ കൊടുവള്ളിയിലുണ്ട്. ഒരു വര്‍ഷത്തിനിടെ 100 കിലോയിലേറെ സ്വര്‍ണമാണു കൊടുവള്ളിയിലേക്കു കടത്തിയത്. സ്ത്രീകളെയും കുട്ടികളെയും സ്വര്‍ണം കടത്താന്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഇതിന്റെ പിന്നില്‍ തീവ്രസ്വഭാവമുള്ള ചില സംഘടനകളാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറോളം പേരുടെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. എന്‍ഐഎയ്ക്ക് ഇമെയില്‍ വഴിയാണ് പൊലീസ് വിവരങ്ങള്‍ കൈമാറിയത്.

തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ടാണു പോലീസ് റിപ്പോര്‍ട്ട്. കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമാണെന്ന് എന്‍ഐഎ കോടതിയെ ബോധിപ്പിച്ചു.

Top