കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്

കോഴിക്കോട്: കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത് പിടികൂടി. 83 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇരു വിമാനത്താവളങ്ങളില്‍ നിന്നുമായി പിടികൂടിയത്. സംഭവത്തില്‍ നാല് യാത്രക്കാര്‍ പിടിയിലായി. ഒരു കിലോ സ്വര്‍ണ്ണമാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്.

54 ലക്ഷം രൂപ വില വരും. കാസര്‍കോട് സ്വദേശികളായ രണ്ട് യാത്രക്കാര്‍ കസ്റ്റംസ് പിടിയിലായി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 29 ലക്ഷം രൂപയുടെ സ്വര്‍ണ്ണക്കടത്താണ് പിടിച്ചത്. ഷാര്‍ജയില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. മിശ്രിത രൂപത്തിലാക്കി സോക്‌സിനുള്ളില്‍ ഒളിപ്പിച്ചാണ് ഒരാള്‍ സ്വര്‍ണ്ണം കടത്തിയത്.

336 ഗ്രാം സ്വര്‍ണ്ണ മിശ്രിതം ഇയാളില്‍ നിന്ന് പിടികൂടി.230 ഗ്രാം സ്വര്‍ണ്ണാഭരണമാണ് രണ്ടാമത്തെ ആളില്‍ നിന്ന് പിടികൂടിയത്. കരിപ്പൂരില്‍ പിടിയിലായ രണ്ട് പേരും കാരിയര്‍മാരാണ്. ജോലി നഷ്ടപ്പെട്ടുവെന്നും വിമാന ടിക്കറ്റിന് കാശില്ലാത്തതിനാല്‍ സ്വര്‍ണ്ണം കടത്താന്‍ തയ്യാറാവുകയായിരുന്നുവെന്നാണ് ഇരുവരും കസ്റ്റംസിന് നല്‍കിയ മൊഴി.

Top