സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തെ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലെന്ന് സൂചന. കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കും. കേരളത്തിലേക്ക് വരുന്ന സ്വര്‍ണം രാജ്യവിരുദ്ധ നീക്കങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഇതിനു പിന്നില്‍ ഐഎസ് ബന്ധമുള്ളവരാണെന്നും എന്‍ഐഎ സംശയിക്കുന്നു.

അതേസമയം, കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ കേസെടുക്കും. ഭീകരപ്രവര്‍ത്തനവും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തുക. അന്താരാഷ്ട്ര ബന്ധങ്ങളുള്ള സംഘടിത റാക്കറ്റുകളാണ് സ്വര്‍ണക്കടത്തിന് പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ഏറ്റെടുത്തതായി എന്‍ഐഎ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എയര്‍ കാര്‍ഗോ അസോസിയേഷന്‍ ഇന്ത്യ നേതാവ് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിര്‍ദ്ദേശം. സ്വര്‍ണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജി വിട്ടുകിട്ടാനായി കസ്റ്റംസില്‍ ഇയാള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

അതേസമയം കേസില്‍ സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്ന് കസ്റ്റംസ് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. സ്വപ്നയുടെ ഹര്‍ജി തന്നെ കുറ്റസമ്മതമാണെന്ന നിലപാടിലാണ് കസ്റ്റംസ്. കോണ്‍സുലേറ്റില്‍ നിന്ന് പിരിഞ്ഞതിനു ശേഷവും അനൗദ്യോഗിക സേവനം സ്വപ്ന തുടര്‍ന്നതാണ് സംശയത്തിന് കാരണം.

Top