സ്വര്‍ണ്ണക്കടത്ത്; ശിവശങ്കറിനോട് ഓഫീസില്‍ ഹാജരാകണമെന്ന് എന്‍ഐഎ

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കരനോട് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദേശം. എന്‍ഐഎ ആണ് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നലെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു.

പേരൂര്‍ക്കട പൊലീസ് ക്ലബില്‍ വച്ച് നടന്ന അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചത്. കൊച്ചിയിലെ ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കിയാണ് ഇന്നലെ ഇദ്ദേഹത്തെ വിട്ടയച്ചതെന്നാണ് വിവരം. കേസിലെ മുഖ്യപ്രതികളായ സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വര്‍ണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കറിയില്ലായിരുന്നില്ലെന്ന് ശിവശങ്കര്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ദേശീയ അന്വേഷണ ഏജന്‍സിക്ക് ശിവശങ്കര്‍ മൊഴി നല്‍കിയെന്നാണ് സൂചനകള്‍.

Top