മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പാളിച്ച പറ്റിയെന്ന് സിപിഎം സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സിപിഎം സെക്രട്ടേറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം. സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തില്‍ ഗുരുതരമായ പാളിച്ച ഉണ്ടായെന്നും സിപിഎം സെക്രട്ടേറിയേറ്റ് വിമര്‍ശിച്ചു.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ നിയന്ത്രിക്കുന്നതിലും വീഴ്ചപറ്റി. ശിവശങ്കറിന്റെ ഇടപാടുകള്‍ സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിച്ചില്ല. ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. കോവിഡ് പ്രതിരോധത്തിന്റെ നേട്ടം ഈ വിവാദത്തില്‍ നഷ്ടമായെന്നും സെക്രട്ടേറിയേറ്റ് ചൂണ്ടിക്കാണിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചു.

സര്‍ക്കാര്‍ അധികാരത്തിലേറി നാലു വര്‍ഷം പ്രതിച്ഛായ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഉയര്‍ന്നതോടെ പ്രതിച്ഛായ പിന്നിലേക്കായി. വിവാദങ്ങളില്‍ ഊഹാപോഹങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുന്നതില്‍ പ്രതിപക്ഷം വ്യാപൃതരായിരുന്നു. യാഥാര്‍ത്ഥ്യം ജനങ്ങളെ മനസിലാക്കിക്കാന്‍ വലിയ രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തും. എന്നാല്‍ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് അതേ രീതിയില്‍ തിരിച്ചടിക്കണമെന്നും സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചു.

Top