സ്വര്‍ണക്കടത്ത്; ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ഇഡി

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിനും പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് കുറ്റപത്രത്തില്‍ പറയുന്നത്. ശിവശങ്കറും സ്വപ്നയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചു.

കുറ്റപത്രത്തിലെ 13, 14 പേജുകളിലാണ് ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍ഫോഴ്സ്മെന്റ് വിശദീകരിക്കുന്നത്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള ബന്ധം തുടങ്ങുന്നതു മുതലുള്ള കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു. സ്വപ്നയുമായി ശിവശങ്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന പല അവസരങ്ങളിലും അവരെ ശിവശങ്കര്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഈ പണം സ്വപ്ന സുരേഷ് മടക്കി നല്‍കിയിട്ടില്ല.

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച് സ്പേസ് പാര്‍ക്കില്‍ ജോലിക്കായി അപേക്ഷ നല്‍കുമ്പോള്‍ റഫറന്‍സായി കൊടുത്തത് എം. ശിവശങ്കറിന്റെ പേരാണ്. ശിവശങ്കര്‍ നിര്‍ദേശിച്ച പ്രകാരമാണ് സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് വഴി ജോലിക്ക് അപേക്ഷിച്ചത്.

മാത്രമല്ല സ്വപ്നയുടെ മറ്റ് സാമ്പത്തിക ഇടപാടുകള്‍ക്ക് ശിവശങ്കര്‍ സഹായം ചെയ്തുകൊടുത്തിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ പരിചയപ്പെടുത്തി നല്‍കിയതും ശിവശങ്കറാണ്. ഇവിടെ പണമടങ്ങിയ ബാഗുമായി സ്വപ്ന സുരേഷ് എത്തിയ സമയത്ത് ശിവശങ്കറും അവിടെയുണ്ടായിരുന്നു.

വേണുഗോപാലിന് ശിവശങ്കര്‍ അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളാണ് മറ്റൊരു തെളിവായി എന്‍ഫോഴ്സ്മെന്റ് ചൂണ്ടിക്കാണിക്കുന്നത്. 30 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ഇടാനും താന്‍ നേരിട്ട് വേണുഗോപാലിന്റെ അടുത്ത് എത്താമെന്ന് പറയുന്നതായും വാട്സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നു

Top