സ്വര്‍ണക്കടത്ത്; ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്ന് ഇഡി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടിക്കെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചു. കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നാണ് ഇഡിയുടെ ആവശ്യം. അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് മുഖ്യമന്ത്രി ഉത്തരവിറക്കിയത്. അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയടക്കം ഉള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ആയിരുന്നു പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ വെളിപ്പെടുത്തല്‍. നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന് സന്ദീപ് നായര്‍ കോടതിക്ക് കത്തയച്ചു. ഇതിന് പിറകെയാണ് സര്‍ക്കാര്‍ അസാധാരണ നടപടിയിലൂടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്.

Top