സ്വര്‍ണക്കടത്ത് ;മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ രണ്ട് യുവാക്കള്‍ കസ്റ്റംസ് പിടിയില്‍

മാംഗ്ലൂര്‍: മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ വന്നിറിങ്ങിയ രണ്ടു മലയാളി യുവാക്കളില്‍ നിന്ന് 29.15 ലക്ഷം രൂപ വരുന്ന സ്വര്‍ണം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ദുബായില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ രണ്ട് യുവാക്കളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് കുനിയ കാളിയടുക്കം അഹമദ് മന്‍സിലിലെ ഷിഹാബുദീന്‍ (25), ബദിയടുക്ക നെക്രാജെ കോലാരി വീട്ടില്‍ ബദ്രുമുനീര്‍ (25) എന്നിവരാണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്.

ഇരുവരും സ്വര്‍ണം പേസ്റ്റ് രൂപത്തിലുള്ള ചെറുഗോളങ്ങളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവെയാണ് കസ്റ്റംസ് പിടിയിലായത്. ഷിഹാബുദീന്റെ പക്കല്‍ നിന്ന് 14,78,154 രൂപ വിലമതിക്കുന്ന 443.890 ഗ്രാം സ്വര്‍ണവും ബദ്രുമുനീറിന്റെ പക്കല്‍ നിന്ന് 14,37,461 രൂപ വിലമതിക്കുന്ന 431.670 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.

രാസവസ്തുക്കള്‍ ചേര്‍ത്ത് സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയാല്‍ അത് മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ കണ്ടെത്താനാവില്ല. അത് ശരീരത്തുള്ളില്‍ ഒളിപ്പിക്കുകകൂടി ചെയ്താല്‍ പിടിക്കപ്പെടില്ല എന്ന വിശ്വാസത്തിലാണ് ഇരുവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Top