സ്വര്‍ണക്കടത്ത്; റമീസിന്റേത് അപകട മരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് തടയേണ്ടതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനും കസ്റ്റംസിനുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ വീഴ്ചയിലൂടെ കൊണ്ടുവരുന്ന കളളക്കടത്ത് സ്വര്‍ണം വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന കേസുകളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന സാക്ഷി റമീസിന്റെ അപകടമരണം തെളിവ് ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

റമീസിന്റെ മരണകാരണം കാറിന് പിന്നില്‍ ബൈക്കിടിച്ചപ്പോള്‍ ഉണ്ടായ ഗുരുതര പരിക്ക് കാരണമാണ്. ഹെല്‍മെറ്റ് ഇല്ലാതെയാണ് റമീസ് വാഹനമോടിച്ചത്. അശ്രദ്ധമായി ബൈക്ക് തിരിച്ചതാണ് അപകട കാരണം. അപകടത്തില്‍ തലയ്ക്കും വാരിയെല്ലുകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം പോലീസ് അന്വേഷണം തുടരുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് അര്‍ജുന്‍ അങ്കിയെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി വല്ലാതെ ശ്രമിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. നിയമ സമാധാനം നോക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. സ്വര്‍ണ്ണം തട്ടി പറിക്കാന്‍ അര്‍ജുന്‍ ആയങ്കിയുടെ അമ്പത് അംഗ കുരുവി സംഘം ഉണ്ട്. വിമാനത്താവള പരിസരത്ത് ഇരുപത് തവണയോളം ഗുണ്ടാ ആക്രമണം നടന്നു. ഇത് പരിശോധിച്ചോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് കണ്ടുപിടിക്കലൊക്കെ കേന്ദ്ര ഏജന്‍സിയുടെ ചുമതലയെന്ന് പറഞ്ഞ് ഒഴിയുന്നത് ശരിയാണോ. ക്രിമിനലുകള്‍ നാട്ടില്‍ വട്ടം കറങ്ങുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മുഖ്യമന്ത്രി മോദിയെ കണ്ടതോടെ എന്‍ ഐ എ കൂട്ടില്‍ കയറി. തെളിവ് പുറത്ത് വരാതിരിക്കാന്‍ റമീസിനെ കൊന്നതാണ്. തില്ലങ്കേരിമാര്‍ക്കും ആയങ്കിമാര്‍ക്കും വേണ്ടി നാട് തുറന്ന് കൊടുക്കരുത്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴിസിലെ രഹസ്യങ്ങള്‍ അറിയുന്നവര്‍ ഈ സഭയിലുണ്ട്. അതോര്‍ക്കണം. പുരയ്ക്ക് മുകളില്‍ മരം വളര്‍ന്നാല്‍ വെട്ടാന്‍ മുഖ്യമന്ത്രി മഴു എടുക്കുമോയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു.

 

Top