സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിയോട് വീണ്ടും ചോദ്യങ്ങളുന്നയിച്ച് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ മാസവും സമാനമായ ചോദ്യാവലിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

1. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നിട്ടും ശിവശങ്കറിന്റെ സ്വര്‍ണക്കടത്ത് ബന്ധം മുഖ്യമന്ത്രി അറിയാഞ്ഞതെന്ത് അതോ അറിഞ്ഞിട്ടും കണ്ണടച്ചതാണോ

2. സ്വന്തം ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ലേ

3. മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് വിദേശ കോണ്‍സുലേറ്റുമായുള്ള ഇടപാടും അറിഞ്ഞില്ലേ

4. ശിവശങ്കറിന്റെ ദുരൂഹമായ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ചട്ടവിരുദ്ധവും ദുരൂഹവുമായിട്ടും മുഖ്യമന്ത്രി എന്തിനാണ് അവയെയൊക്കെ ന്യായീകരിക്കാന്‍ തയാറായത്

5. കണ്‍സള്‍ട്ടന്‍സി തട്ടിപ്പും പിന്‍വാതില്‍ നിയമനവും ഒരു സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തു കൊണ്ട്

6. സ്വര്‍ണക്കടത്ത് നടന്നിട്ടും സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയാതിരുന്നതാണോ, അതോ അവരുടെ വായ് മൂടിക്കെട്ടിയതോ

7. സ്വര്‍ണക്കടത്തിനെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നോ

8. സര്‍ക്കാര്‍ സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വന്‍തോതില്‍ വ്യതിചലിച്ചതിനെപ്പറ്റി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഞാന്‍ നല്‍കിയ കത്തിന് മറുപടി നല്‍കുന്നതില്‍ നിന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയെ തടഞ്ഞത് എന്തിന്

9. സ്വര്‍ണക്കടത്തില്‍ അത്യപൂര്‍വ സാഹചര്യമുണ്ടായിട്ടും അതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി യോഗം ചേരുന്നതിനെ തടസപ്പെടുത്തുന്നത് എന്തു കൊണ്ട്

10 . പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകാത്തതെന്ത്

Top