സ്വർണ്ണക്കടത്ത് കേസ്: സരിത്ത് അടക്കം നാല് പ്രതികൾ ജയിലിൽ നിന്നിറങ്ങി

തിരുവനന്തപുരം: നയതന്ത്രചാനൽ വഴി സ്വർണം കടത്തിയ കേസിലെ  ഒന്നാം പ്രതി സരിത്ത് ഉൾപ്പെടെ നാല് പ്രതികള്‍ ജയിലിൽ മോചിതരായി. ഒന്നാം പ്രതി സരിത്ത്, നയതന്ത്ര കേസില്‍ വഴി കൊണ്ടുവരുന്ന സ്വർണം ഏറ്റുവാങ്ങി വിൽപ്പ നടത്തിയിരുന്ന റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരാണ് ഇന്ന് ജയിലിന് പുറത്തിറങ്ങിയത്.

കസ്റ്റംസ് കേസുൾപ്പെടെ എല്ലാ കേസുകളിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കോഫെപൊസ കാലാവധിയും അവസാനിച്ചതോടെയാണ് നാല് പ്രതികളും പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നുമിറങ്ങിയത്. പുറത്തിറങ്ങിയ പ്രതികൾ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. സ്വർണ കടത്തിലെ മുഖ്യപ്രതികളായിരുന്ന സ്വപ്നക്കും സന്ദീപ് നായർക്കുമെതിരായ കോഫപോസ കോടതി റദ്ദാക്കിയതിനാൽ ഇരുവർക്കും നേരത്തെ തന്നെ ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നു.

2020 ജൂലൈ അ‍ഞ്ചിനാണ് നയതന്ത്രചാനൽ വഴി കൊണ്ടുവന്ന 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. പാഴ്സൽ തുറക്കാനുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നീക്കം തടയാൻ കോണ്‍സുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ സരിത് പരമാവധി ശ്രമിച്ചു. അറ്റാഷയെ കാർഗോ കോംപ്ലക്സിലെത്തിച്ച് ഭീഷണിപ്പെടുത്തി. പക്ഷെ പാഴ്സൽ തുറന്ന് സ്വർണമെടുത്തതോടെ സരിത്തിനെ കസ്റ്റംസ് പിടികൂടി. ഇതോടെയാണ് സ്വർണ കടത്തിലെ ആദ്യ അറസ്റ്റുണ്ടായത്.

സ്വ‍ർണക്കടത്തിന്റെ ചുരുള്‍ അഴിഞ്ഞതും ഉന്നത ബന്ധങ്ങള്‍ തെളിഞ്ഞതും സരിത്തിന്റെ മൊഴിയിലൂടെയായിരുന്നു. പിന്നാലെ സ്വപ്ന സുരേഷ്, സന്ദീപ് എന്നീ മുഖ്യപ്രതികളും അറസ്റ്റിലായി. പിന്നീട് സന്ദീപ് നായരെ കേസിൽ മാപ്പു സാക്ഷിയാക്കി. സ്വർണ കടത്തു കേസിൽ മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേരു പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദ്ദം ചെലുത്തുന്നുവെന്ന് സ്വപ്നയും സന്ദീപും കോടതിയിൽ മൊഴി നൽകിയപ്പോള്‍ ജയിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുവെന്നായിരുന്നു സരിത്തിന്റെ പരാതി.

Top