സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎപിഎ എങ്ങനെ നിലനില്‍ക്കും ; നികുതി വെട്ടിപ്പല്ലേയെന്നും കോടതി

കൊച്ചി: നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ഐഎ കോടതി. കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ഇക്കാര്യം ചോദിച്ചത്.

ഇതേതുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍ഐഎ സംഘം കോടതിയില്‍ ഹാജരാക്കി. അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ളയാണ് കേസ് ഡയറി ഹാജരാക്കിയത്. കേസില്‍ എന്‍ഐഎയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് കോടതിയില്‍ ഹാജരായത്.

സംഘം 20 തവണയായി 200 കിലോഗ്രാമിലേറെ സ്വര്‍ണ്ണം കടത്തിയെന്ന് വ്യക്തമാക്കിയ അഡീ. സോളിസിറ്റര്‍ ജനറല്‍, ഒരാള്‍ ഒരു തവണ സ്വര്‍ണം കടത്തുന്നത് പോലെയല്ല തുടര്‍ച്ചയായ കടത്തലെന്നും കോടതിയില്‍ വ്യക്തമാക്കി. സംഘത്തിന്റെ സ്വര്‍ണ്ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കും. സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തികള്‍ ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമെന്നും അഡീഷണല്‍ സോളിസിറ്റല്‍ ജനറല്‍ കോടതിയെ അറിയിച്ചു.

അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നു. എന്‍ഐഎ സംഘം യുഎഇയിലേക്ക് പോകും. യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി.

നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെ കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. ഇതിന് യുഎഇയുടെ അനുമതി ആവശ്യമുണ്ട്. യുഎഇ സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

യുഎഇ അറ്റാഷെയുമായും കോണ്‍സല്‍ ജനറലുമായും ബന്ധപ്പെട്ട് കേസില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഏത് തരത്തിലാണ് കേസില്‍ നയതന്ത്ര സംവിധാനം ദുരുപയോഗം ചെയ്തത് എന്നത് സംബന്ധിച്ച അന്വേഷണത്തിനായാണ് എന്‍ഐഎ യുഎഇയിലേക്ക് പുറപ്പെടുന്നത്. ഒപ്പം ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ ഫരീദിനെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടികളും സ്വീകരിക്കും.

Top