സ്വര്‍ണ്ണക്കടത്ത് കേസ്; സ്വര്‍ണ്ണം വാങ്ങിയെന്ന് കരുതുന്നയാള്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ കസ്റ്റംസിന്റെ പിടിയിലായെന്ന് സൂചന. സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാളാണ് പിടിയിലായത്. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുവരും. അതേസമയം, പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും.

സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരും പിടിയിലായത്. എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു. സ്വപ്നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്.

എന്നാല്‍ ഇവുരടെയും സുരക്ഷയും ബെംഗളൂരുവിലെ രാത്രി യാത്ര നിയന്ത്രണവും കണക്കിലെടുത്ത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും.

തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജരാക്കാനായിരിക്കും അന്വേഷണ സംഘത്തിന്റെ നീക്കം. സന്ദീപ് സഹോദരനെ വിളിച്ചതാണ് എന്‍ഐഎ സംഘത്തിന് പ്രതികളിലേക്കെത്താന്‍ നിര്‍ണ്ണായക സഹായമായത്.

Top