സ്വര്‍ണക്കടത്തു കേസ്; മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കില്ലെന്ന് അടിവരയിട്ട് കസ്റ്റംസ് കുറ്റപത്രം

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കില്ലെന്ന് അടിവരയിട്ട് കസ്റ്റംസ് കുറ്റപത്രം. തീവ്രവാദത്തിന് തെളിവ് കണ്ടെത്താനായില്ലെന്നും സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ റമീസാണെന്നും കുറ്റപത്രത്തിലുണ്ട്. സരിത്ത് ആണ് കേസില്‍ ഒന്നാം പ്രതി. ഫൈസല്‍ ഫരീദ് പ്രതിപ്പട്ടികയിലില്ല. സ്വപ്ന രണ്ടാം പ്രതിയും സന്ദീപ് മൂന്നാം പ്രതിയുമാണ്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പടെ 29 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് അറിഞ്ഞിട്ടും ശിവശങ്കര്‍ മറച്ചുവെച്ചെന്നാണ് കുറ്റം.

2019 മുതല്‍ 21 തവണയായി 169 കിലോ സ്വര്‍ണം കടത്തി. പദ്ധതി തയ്യാറാക്കി രണ്ടു തവണ ട്രയല്‍ നടത്തി. ട്രയലിന് ശേഷം മലപ്പുറത്തും കോഴിക്കോടുമുള്ള നിക്ഷേപകരെ കണ്ടെത്തി. സ്വര്‍ണം കടത്തിയത് പ്രധാനമായും ഇവര്‍ക്ക് വേണ്ടിയാണ്.

എന്നാല്‍, മുഴുവന്‍ സ്വര്‍ണവും കണ്ടെത്താനായില്ല. കടത്ത് സ്വര്‍ണം ആഭരണങ്ങളാക്കി മാറ്റിയതിനാല്‍ ഇത് മുഴുവന്‍ കണ്ടെത്താനായില്ല. കൂടുതല്‍ സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമകളും പ്രതികള്‍ സ്വപ്നയും സന്ദീപും സരിത്തും സഹായം ചെയ്തുവെന്നും ലാഭം പങ്കിട്ടുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

3000 പേജുള്ള കുറ്റപത്രമാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ കസ്റ്റംസ് ഇന്നു സമര്‍പ്പിച്ചത്. കസ്റ്റംസിന് പിന്നാലെ ഡിസംബറില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഫോഴ്‌സ് ഡയറക്ടേറ്റിന്റെയും നീക്കം.

ഇതിന്റെ ആദ്യ നടപടിയായി കേസിലെ തൊണ്ടിമുതലായ 30 കിലോ സ്വര്‍ണത്തിന്റെ ഉടമസ്ഥര്‍ എന്ന് സംശയിക്കുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. 30 കിലോ സ്വര്‍ണം ദുബായില്‍ നിന്നും വാങ്ങി കേരളത്തിലേക്ക് എത്തിക്കാന്‍ 13പേര്‍ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നാണ് ഇ ഡി യുടെ കണ്ടെത്തല്‍. ഈ 13 പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഇതില്‍ പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.

Top