സ്വര്‍ണക്കടത്ത് കേസ്; അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് യുഎഇ

യുഎഇ: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണകടത്തു കേസില്‍ കേരളത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തിയുമായി യുഎഇ. അന്വേഷണം കോണ്‍സുലേറ്റിനെ പൂര്‍ണമായും കുറ്റവിമുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇ. അതേസമയം കേസിലുള്‍പ്പെട്ട ദുബായിലെ ഫൈസല്‍ ഫരീദിനെതിരായ നീക്കം ശക്തമായി.

ഇന്ത്യന്‍ ജുഡീഷ്യറിയിലും എന്‍.ഐ.എ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളിലും പൂര്‍ണ മതിപ്പാണുള്ളതെന്ന് യു.എ.ഇയുടെ ഇന്ത്യന്‍ സ്ഥാനപതി അഹ്മദ് അല്‍ ബന്ന പ്രതികരിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ തങ്ങളുടെ നയതന്ത്ര കേന്ദ്രം കുറ്റവിമുക്തമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്വര്‍ണക്കടത്തു കേസിലെ അന്വേഷണത്തില്‍ കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കോ ജീവനക്കാര്‍ക്കോ ഇതുവരെ പങ്കൊന്നും കണ്ടെത്താനായില്ലെന്നാണ് ഏജന്‍സികള്‍ യു.എ.ഇയെ അറിയിച്ചിരിക്കുന്നത്.

അതേസമയം ദുബായിലുള്ള ഫൈസല്‍ ഫരീദിനെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ത്യ യു.എ.ഇക്ക് കൈമാറിയെന്നാണ് വിവരം. കാര്‍ഗോ അയച്ചതിന്റെ ഇന്‍വോയ്‌സ് രേഖകള്‍ക്കൊപ്പം കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണം കടത്താന്‍ യു.എ.ഇയുടെ വ്യാജസീലും എംബ്ലവും ഫൈസല്‍ ഫരീദ് നിര്‍മിച്ചതായും ഇന്ത്യ ആരോപിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനം ലക്ഷ്യം വെച്ചാണ് സ്വര്‍ണം കടത്തിയതെന്ന ഇന്ത്യയുടെ വെളിപ്പെടുത്തലും അടിയന്തര നടപടികള്‍ക്ക് യു.എ.ഇയെ പ്രേരിപ്പിക്കും.

Top