സ്വര്‍ണക്കടത്ത് കേസ് ; സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു ഇ.പി. ജയരാജന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു മന്ത്രി ഇ.പി. ജയരാജന്‍. സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടുവെന്നത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

കൊറോണ ജാഗ്രതയുണ്ടെന്നു കരുതി ആരൊക്കെ എവിടെയൊക്കെ പോകുന്നുവെന്ന് പോലീസിന് നോക്കാനാവില്ലെന്നും പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആളുകള്‍ എല്ലായിടത്തും ഉണ്ടായിട്ടും സ്വപ്നയെ കണ്ടുപിടിക്കാനായില്ലല്ലോ എന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണം പലരിലേക്കും നീളും. അതിന്റെ വെപ്രാളമാണു പ്രതിപക്ഷത്തിനെന്നും സംസ്ഥാനം അന്വേഷണ സംഘം രൂപീകരിച്ചത് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷുമായും സന്ദീപ് നായരുമായും യാത്രതിരിച്ച എന്‍.ഐ.എ. വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പാലക്കാട് കഴിഞ്ഞപ്പോഴാണ് സ്വപ്ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പഞ്ചറായത്. പിന്നീട് മറ്റൊരു വാഹനത്തിലേക്കു മാറി യാത്ര തുടര്‍ന്നു. ബംഗളുരുവില്‍നിന്ന് എവിടെയും നിര്‍ത്താതെയാണു പ്രതികളുമായി സംഘം കേരളത്തിലേക്കു യാത്ര ചെയ്യുന്നത്.

സന്ദീപ് നായരുമായി വന്നിരുന്ന വാഹനത്തിലേക്കാണ് സ്വപ്നയെ മാറ്റിയത്. എന്നാല്‍ അല്‍പദൂരം പിന്നിട്ടതിന് ശേഷം ഈ വാഹനം വീണ്ടും ദേശീയപാതയില്‍ നിര്‍ത്തിയിട്ടു. യാത്രയിലെ ആശയക്കുഴപ്പം പരിഹരിച്ചശേഷമാണ് പിന്നീട് യാത്ര തുടര്‍ന്നത്. മുഖംമറച്ചാണ് സ്വപ്ന വാഹനത്തിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഇവരോട് പ്രതികരണം തേടിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. വളരെ വേഗത്തിലാണ് സ്വപ്നയെ ഉദ്യോഗസ്ഥര്‍ പുതിയ വാഹനത്തിലേക്ക് മാറ്റി യാത്ര തുടര്‍ന്നത്.

രാവിലെ 11.15 ഓടെയാണ് എന്‍.ഐ.എ. സംഘം പ്രതികളുമായി വാളയാര്‍ അതിര്‍ത്തി കടന്നത്. മൂന്ന് വാഹനങ്ങളിലായാണ് എന്‍.ഐ.എ. സംഘം പ്രതികളുമായി സഞ്ചരിക്കുന്നത്.

കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിര്‍ത്തി മുതല്‍ കേരള പോലീസിന്റെ അകമ്പടിയുമുണ്ട്. പ്രതികളെ കൊണ്ടുവരുമെന്ന വിവരമറിഞ്ഞ് ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാളയാര്‍ ചെക്ക്പോസ്റ്റില്‍ എത്തിയിരുന്നു. എന്‍.ഐ.എ. സംഘത്തിന് അഭിവാദ്യമര്‍പ്പിച്ചുള്ള പ്ലക്കാര്‍ഡുകളുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.

ഉച്ചയോടെ പ്രതികളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എഎസ്പി ഷൌക്കത്തലിയുടെ നേതൃത്വത്തിലാണ് എന്‍ഐഎ സംഘമാണ് പ്രതികളുമായി വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വപ്ന കേരളത്തില്‍ നിന്ന് ഹോട്ട് സ്പോട്ടായ ബെംഗളൂരുവിലേക്ക് സഞ്ചരിച്ചതിനാല്‍ ഇവരെ ക്വാറന്റീന്‍ ചെയ്യണ്ടേി വരും

സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് പിടിയിലായത് ഇതുവരെ നടന്നതില്‍ പ്രധാനപ്പെട്ട നീക്കമായി കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് റമീസ്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചു.

Top