സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ പിടികൂടിയ സ്വപ്നയെ പ്രതിപട്ടികയില്‍ ചേര്‍ത്ത് കസ്റ്റംസ്

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ പിടികൂടിയ സ്വപ്ന സുരേഷിനെ പ്രതിപട്ടികയില്‍ ചേര്‍ത്ത് കസ്റ്റംസും. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് സ്വപ്ന. സരിത്താണ് കേസില്‍ ഒന്നാം പ്രതി. ടി.കെ. റമീസ് രണ്ടാം പ്രതിയും സന്ദീപ് നാലാം പ്രതിയുമാണ്.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും എന്‍ഐഎയും പ്രത്യേകം പ്രത്യേകമാണ് അന്വേഷണം നടത്തുന്നത്. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്ന. ബംഗളൂരുവില്‍നിന്നും പിടിയിലായ സ്വപ്നയെയും സന്ദീപ് നായരെയും കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

അതേസമയം സ്വപ്ന സുരേഷ് ഉള്‍പ്പെട്ട കള്ളക്കടത്ത് കേസില്‍ കഴിഞ്ഞദിവസം പിടിയിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. റമീസിനെ ഇന്നലെ തന്നെ കൊച്ചിയിലെത്തിച്ച് സരിത്തിനൊപ്പം ചോദ്യം ചെയ്തിരുന്നു. റമീസ് സന്ദിപുമായും സരിത്തുമായും അടുത്തബന്ധം പുലര്‍ത്തുന്ന ഇടനിലക്കാരനാണ്.

സരിത്തിന്റെ മൊഴിയനുസരിച്ചാണ് വീട്ടില്‍ നിന്ന് കസ്റ്റംസ് സംഘം റമീസിനെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണ്ണം മറിച്ച് വില്‍ക്കാന്‍ ഇടനിലക്കാരനായും സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധമുണ്ടാക്കിയതും റമീസ് വഴിയാണെന്നാണ് സൂചന. റമീസുമായി മറ്റ് നാല് പേര്‍ക്കെങ്കിലും ഈ കേസില്‍ ബന്ധമുണ്ട്. അവരിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. നേരത്തെ ഒരു സ്വര്‍ണ്ണക്കടത്ത് കേസിലും മാന്‍ വേട്ടക്കേസിലും പ്രതിയാണ് റമീസ്.

Top